മ്യാന്മര്: ഉച്ചയോടെ മ്യാന്മാറിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി പേര് മരിച്ചു. നൂറിലധികം പേരെ കാണാതായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ബാങ്കോക്കിലെ അംബരചുമ്പിയായ കെട്ടിടം തകര്‍ന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആദ്യഭൂകമ്പത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനവും അനുഭവപ്പെട്ടു. പിന്നാലെ മേഖലയില്‍ ചെറുതെങ്കിലും നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് മ്യാന്മാറും തായ്ലന്ഡില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ അനുഭവപ്പെട്ട ഭൂകമ്പം പ്രഭവ കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് 1400 കിലോമീറ്റര്‍ അകലെ തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടത്തെയാണ് തകര്‍ത്തത്. അതേസമയം നേരത്തെ ഭൂകമ്പ മുന്നറിയിപ്പ് ഉണ്ടായരുന്നതിനാല് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ആളപായമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം നിലവില്‍ സൈനീക ഭരണമുള്ള ആഭ്യന്തര കലാപം രൂക്ഷമായ മ്യാന്മാരില് ഭൂകമ്പം എന്ത് നാശനഷ്ടം വരുത്തിയെന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
