അലാസ്ക: അമേരിക്കയെ വീണ്ടും ആശങ്കയിലാക്കിയാണ് കഴിഞ്ഞ ദിവസം അലാസ്കയിലെ വിമാനാപകടമുണ്ടായത്. അലാസ്കയിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അലാസ്കയിലെ ടസ്റ്റുമീനാ തടാകത്തിൽ വച്ചാണ് അപകടം നടന്നത്. തകർന്ന വിമാനം തടാകത്തിൽ ഭാഗികമായി മുങ്ങിയിരുന്നു. എന്നാൽ, ഈ വലിയ അപകടത്തെയും അതിജീവിച്ച് വിമാനത്തിലെ പൈലറ്റും രണ്ട് പെൺകുട്ടികളും അതിജീവിച്ചത് 12 മണിക്കൂറോളമാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കൻ വിമാനം കാണാതായത്. ടെറി ഗോഡ്സും മറ്റ് പൈലറ്റുമാരും ഇതോടെ തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. തിരച്ചിൽ സംഘം അടുത്ത് എത്തുമ്പോൾ മൂന്നു പേരും വിമാനത്തിന്റെ ചിറകിൽ ഇരിക്കുകയായിരുന്നു.
അവർക്ക് ജീവനുണ്ടായിരുന്നു എന്നത് തിരച്ചിൽ സംഘത്തെയും ഏറെ അത്ഭുതപ്പെടുത്തി. സൈറ്റ്സീയിംഗ് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അലാസ്ക നാഷണൽ ഗാർഡിന്റെ ഹെലികോപ്റ്റർ സ്ഥലത്തെത്തി അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന് കടുത്ത തണുപ്പുമൂലം ഹൈപ്പോതർമിയ ഉണ്ടായിരുന്നു, എന്നാൽ കുട്ടികൾ കൂടുതൽ ഭേദമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
