കാസർകോട്: കൊളത്തൂർ നിടുവോട്ട് ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പുലി വീണ്ടും വനംവകുപ്പിൻ്റെ കെണിയിൽ അകപ്പെട്ടു. നിടുവോട്ടെ എം. ജനാർദ്ദനൻ്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് രാവിലെ പുലിയെ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് ഇതേ സ്ഥലത്ത് പുലി കുടുങ്ങുന്നത്. ഫെബ്രുവരി 23-ന് ഇവിടെ സ്ഥാപിച്ച കൂട്ടിൽ ഒരു പെൺപുലിയും കുടുങ്ങിയിരുന്നു.
കുറച്ചുകാലമായി കൊളത്തൂർ പ്രദേശം പുലിയുടെ സാന്നിധ്യം മൂലം ഭീതിയിലായിരുന്നു. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും പുലി ആക്രമിക്കുന്നത് പതിവായതോടെയാണ് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. ഇന്ന് രാവിലെ റബ്ബർ തോട്ടത്തിൽ ജോലിക്കെത്തിയ ജനാർദ്ദനനാണ് കൂട്ടിൽ പുലിയെ കണ്ടത്.
ഉടൻ തന്നെ അദ്ദേഹം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിലവിൽ പുലി അക്രമാസക്തമായ അവസ്ഥയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പുലിയെ കൂട്ടിൽ നിന്ന് മാറ്റുകയും ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്യും.
