തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് ഒഴിവാക്കി മോട്ടോര്‍വാഹന വകുപ്പ്. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം മുട്ടത്തറയിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിലാണ് ഡ്രൈവിങ് പരീക്ഷ നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പ് ആദ്യമായി ഏര്‍പ്പെടുത്തിയ മോഡല്‍ ടെസ്റ്റിങ് ട്രാക്കാണിത്. കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനമായതിനാല്‍ ബാഹ്യ ഇടപെടലിനും പക്ഷപാതത്തിനും സാധ്യതയില്ലെന്നതാണ് നേട്ടം.
എന്നാല്‍, ഈ സംവിധാനം ഒഴിവാക്കിക്കൊണ്ടാണ് കെഎസ്ആര്‍ടിസിക്കുവേണ്ടി ആനയറയില്‍ പ്രത്യേകം ടെസ്റ്റ് നടത്തുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളിനുവേണ്ടി സ്ഥാപിച്ച ട്രാക്കിലാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ഇവിടെ കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിന് പകരം നേരിട്ടാണ് ഉദ്യോഗസ്ഥര്‍ ഫലം വിലയിരുത്തുന്നത്. കെഎസ്ആര്‍ടിസിക്കുവേണ്ടി പ്രത്യേകം ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഫലത്തില്‍ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് രണ്ടുതരം ഡ്രൈവിങ് ടെസ്റ്റുകളാണ് നടക്കുന്നത്. കെഎസ്ആര്‍ടിസിയിലാണെങ്കില്‍ ഓട്ടോമേറ്റഡ് ട്രാക്ക് ഒഴിവാക്കാം.
ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കിനെതിരേ ഡ്രൈവിങ് സ്കൂളുകള്‍ നല്കിയ കേസില്‍ ഒരേ ടെസ്റ്റിങ് രീതി തുടരണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. ശാസ്ത്രീയമായ പരിശീലന രീതിയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകളില്‍ നല്‍കുന്നതെന്നാണ് സര്‍ക്കാര്‍വാദം. കൃത്രിമമായി വിജയശതമാനം കൂട്ടാനാണ് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് ഒഴിവാക്കിയതെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളില്‍ പഠിക്കുന്നവരെ ഒരു മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനഃപൂര്‍വം തോല്പ്പിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല.
