
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി റിപ്പോർട്ടറിനോട് പറഞ്ഞു. യഥാസമയം ചികിത്സ നൽകിയിരുന്നു. ഒരു വയസ്സിന് താഴെയുള്ള 44 കുട്ടികളുണ്ട്. പ്രത്യേകം പരിചരണം വേണ്ട കുട്ടികളാണ്. ഒരു കുട്ടി രണ്ടു മാസമായി ആശുപത്രിയിലാണ്.
നിലവിൽ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കുട്ടിയെക്കൂടി അഡ്മിറ്റ് ചെയ്തിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്നും പൂർണ്ണതോതിൽ അല്ല കെട്ടിടം പൊളിക്കുന്നതെന്നും അരുൺ ഗോപി പറഞ്ഞു.