കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ മുന്നണികള്‍ക്കുള്ളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ക്കുള്ളില്‍ കഴിഞ്ഞതവണത്തെ സമവാക്യങ്ങളില്‍ നിന്നും വളരെ വലിയ വ്യത്യാസങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രകടമാകും. ഒരുകാലത്ത് ശക്തിയുണ്ടായിരുന്ന പല പാര്‍ട്ടികളുടെയും ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും ലീഗിനും അപ്പുറം മറ്റെല്ലാ പാര്‍ട്ടികളുടെയും ശക്തി നല്ലതുപോലെ ക്ഷയിച്ചിരിക്കുകയാണ്. പേരിനു മാത്രം പ്രവര്ത്തിക്കുന്നതിനപ്പുറത്തേക്ക് അണികള്‍ ഇല്ലാത്ത പാര്‍ട്ടികളായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളിലെ പല പാര്‍ട്ടികളും മാറി. കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ പല ഘടകകക്ഷികള്‍ക്കും അടുത്ത വേണ്ടെന്ന നിലപാടാണ് ഉള്ളത്.
മണ്ഡലങ്ങള്‍ മാറ്റി ആവശ്യപ്പെടുന്നവരാണ് ഏറെയും. ചില മണ്ഡലങ്ങള്‍ ആകട്ടെ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അതാത് മുന്നണികള്‍ക്കുള്ളില്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എല്‍ഡിഎഫിലേക്ക് വന്നാല്‍ കണ്ണൂര്‍, ചിറ്റൂര്‍, എലത്തൂര്‍, കുട്ടനാട് മണ്ഡലങ്ങള്‍ തിരികെ പിടിക്കുവാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കാലങ്ങളായി മത്സരിക്കുന്ന പല ഘടകകക്ഷികളും അടുത്ത തവണ ഇടതുമുന്നണിയില്‍ നിന്നും മത്സരിക്കുവാന്‍ പോലും സാധ്യതയില്ല. പൂര്‍ണ്ണമായും സിപിഎമ്മിന്റെ സര്‍വ്വാധിപത്യം പ്രകടമാകുന്ന തെരഞ്ഞെടുപ്പുകാലം ആയിരിക്കും വരാനിരിക്കുന്നത്. സിപിഐക്ക് പോലും കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ കിട്ടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അവരാകട്ടെ അമിതമായി ഒന്നും പ്രതീക്ഷിക്കുന്നതും ഇല്ല.
യുഡിഎഫിലേക്ക് വന്നാലും മണ്ഡലങ്ങളിലെ താല്പര്യവും താല്പര്യക്കുറവുമാണ് ഘടകകക്ഷികള്‍ക്ക് പറയാനുള്ളത്. സ്ഥിരമായി പരാജയപ്പെടുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് മാറ്റി നല്‍കണമെന്ന അഭിപ്രായമാണ് പല ഘടകകക്ഷികള്‍ക്കും ഉള്ളത്. പ്രധാനമായും സിഎംപിയുടെ സിപി ജോണ്‍ തനിക്ക് ഏതെങ്കിലും വിജയിക്കുന്ന സീറ്റ് തന്നെ വേണമെന്ന് അവകാശപ്പെടുന്നു. സിഎംപിയുടെ ആവശ്യപ്രകാരം നിയമസഭാ മണ്ഡലം വിട്ടു നല്കാന് കോണ്‍ഗ്രസില്‍ ആലോചന ആരംഭിച്ചിട്ടുണ്ട്. സിഎംപി രൂപീകരണം മുതല്‍ യുഡിഎഫില്‍ ഉറച്ചു നില്ക്കുന്ന സിപി ജോണ്‍ മുന്നണിയുടെ ബൗദ്ധിക മുഖം കൂടിയാണ്. പ്രകടന പത്രിക തയാറാക്കലായാലും സാമൂഹിക വിഷയങ്ങളിലെ പഠനമായാലും സിപി ജോണ്‍ മുന്നിലുണ്ടാകും. ഇത്രയേറെ കൂറ് യുഡിഎഫ് മുന്നണിയോട് പുലര്‍ത്തുന്ന ജോണിനെ നിയമസഭയിലേക്ക് എത്തിക്കാനാകാത്തതില്‍ മുന്നണി നേതാക്കളുടെ സ്വകാര്യ ദുഃഖം കൂടിയാണ്. 2011ല്‍ കുന്നംകുളത്ത് വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ബാബു എം പാലിശ്ശേരിയോട് 481 വോട്ടിന് തോല്‍ക്കുകയായിരുന്നു. സിപി ജോണിനെ അടുത്ത തവണയെങ്കിലും ജയസാധ്യതയുള്ള സീറ്റില്‍ നിര്‍ത്തി സഭയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ചില മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരം സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സി പി ജോണിലേക്ക് വരുമ്പോള്‍ മറ്റ് തര്‍ക്കങ്ങള്‍ ഒന്നു സാധ്യതയില്ലാതെ ഏക അഭിപ്രായത്തിലേക്ക് വരുമെന്ന് നേതാക്കള്‍ കരുതുന്നു. തിരുവനന്തപുരത്തിന് പുറമെ തിരുവമ്പാടി പോലുള്ള സീറ്റുകളിലേക്കും ജോണിനെ പരിഗണിച്ചേക്കും. സി പി ജോണിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ മുസ്ലിം ലീഗും തയ്യാറാകും എന്നാണ് സിഎംപിയുടെ പ്രതീക്ഷ.
ഒന്നിലേറെ ആവശ്യക്കാര്‍ ഉള്ള മണ്ഡലം കൊല്ലമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ഫോര്‍വേര്‍ഡ് ബ്ലോക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ധര്‍മടമാണ് നല്‍കിയത്. ഇതോടെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഫോര്‍വേഡ് ബ്ലോക്ക് പിന്മാറുകയായിരുന്നു. ഡി ദേവരാജന്‍ തന്നെ കൊല്ലം ലക്ഷ്യം വെച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഫോര്‍വേഡ് ബ്ലോക്കിന് പുറമേ ആര്‍എസ്പിയും കൊല്ലം സീറ്റില്‍ ലക്ഷ്യം വെക്കുന്നുണ്ട്. വീണ്ടും കൊല്ലം സീറ്റ് ആവശ്യപ്പെടാനാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ തീരുമാനം. ചവറയ്ക്ക് പകരം ഷിബു ബേബി ജോണ്‍ കൊല്ലം മണ്ഡലത്തില്‍ മത്സരിക്കണമെന്ന അഭിപ്രായം ആര്‍എസ്പിക്ക് ഉണ്ട്. ചവറ ഇനി പിടിച്ചെടുക്കുക ആര്‍എസ്പിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ആര്‍എസ്പിയുടെ സാന്നിധ്യം ചവറയില്‍ ഉള്ളതുപോലെ കൊല്ലം മണ്ഡലത്തില്‍ ഇല്ലെങ്കിലും ഷിബു ബേബി ജോണ്‍ എന്ന നേതാവിന് കൂടുതല്‍ സ്വീകാര്യതയുള്ളത് കൊല്ലം മണ്ഡലത്തിലാണ്. അദ്ദേഹം നിലവില്‍ താമസിക്കുന്നതും കൊല്ലം മണ്ഡലത്തില്‍ തന്നെയാണ്. കൊല്ലത്തിനു പുറത്ത് സ്ഥിരമായി നല്കുന്ന വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ ഇത്തവണ നല്‍കരുതെന്നും ആര്‍എസ്പി നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
അതേസമയം കൊല്ലം മണ്ഡലം ആര് എസ് പിക്കും ഫോര്‍വേഡ് ബ്ലോക്കിനും കോണ്‍ഗ്രസ് വിട്ടു നല്‍കുന്നതിനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കോണ്‍ഗ്രസിന്റെ വനിതാ പോരാളി ബിന്ദു കൃഷ്ണയാണ് കഴിഞ്ഞതവണ കൊല്ലത്ത് മത്സരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊല്ലം മണ്ഡലം കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം. സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്ന വനിതാ നേതാക്കളില്‍ ഒരാളാണ് ബിന്ദു. കൊല്ലം മണ്ഡലത്തില്‍ അടുത്ത തവണ വലിയ വിജയം തനിക്ക് നേടാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ബിന്ദു കൃഷ്ണ. അതുകൊണ്ടുതന്നെ സീറ്റ് വിട്ട് ഒരു കളിക്കും ബിന്ദു നില്‍ക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ വരുമ്പോള്‍ ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും എത്രകണ്ട് അവകാശവാദം ഉന്നയിച്ചാലും മണ്ഡലം കോണ്‍ഗ്രസ് വിട്ടു നല്കുവാന് സാധ്യതയില്ല. അഡ്വ. ബിന്ദു കൃഷ്ണ തന്നെ കോണ്‍ഗ്രസിന് വേണ്ടി യുഡിഎഫില്‍ നിന്നും മത്സരിക്കുവാനാണ് ഏറ്റവും അധികം സാധ്യതകള്‍ ഉള്ളത്. നിലവിലെ എംഎല്‍എയായ മുകേഷിനെതിരെ ജനങ്ങള്‍ക്കിടയില്‍ വളരെ വലിയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന കാലത്ത് അനായാസം ബിന്ദുവിലൂടെ മണ്ഡലം തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
