എം.എസ്.സനിൽ കുമാർ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് 14 മാസം ശേഷിക്കെ കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. പതിവ് പോലെ 25 ല്‍ നിര്‍ത്താനുള്ള നീക്കം നടക്കില്ലെന്നും പതിവ് ചിലപ്പോഴൊക്കെ തെറ്റുന്നത് നല്ലതാണെന്നും ലീഗ് നേതാക്കള്‍ പറയുന്നു. ഇത്തവണ 40 സീറ്റാണ് ലീഗ് നോട്ടമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുന്നോട്ട് വെക്കുന്ന കാരണം. ഈ മാസം അവസാനം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ നല്കുന്ന സൂചന.
നിലവിലെ സീറ്റുകള്‍ക്ക് പുറമെ 10 സീറ്റ് എങ്കിലും കുറഞ്ഞത് കൂടുതല്‍ വേണം എന്നാണ് ലീഗ് ആവശ്യം. അത്രയും നല്കാന് കഴിയുന്നില്ലെങ്കില്‍ ഏഴ് സീറ്റ് എങ്കിലും കൂടുതല്‍ വേണം. അതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഇരവിപുരം, തവനൂര്‍, നാദാപുരം, കരുനാഗപ്പള്ളി, പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂര്‍, ആലുവ എന്നീ സീറ്റുകളാണ് ലീഗ് നോട്ടമിടുന്നത്. ഇതില്‍ ആലുവ വേണമെങ്കില്‍ കളമശേരിയുമായി വെച്ചുമാറാം എന്ന നിലപാടിലാണ്. ഇതിനൊപ്പം മാനന്തവാടി, കൂത്ത്പറമ്പ് എന്നീ മണ്ഡലങ്ങളും ലീഗ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.
തവനൂര്‍, പട്ടാമ്പി, ഇരവിപുരം, നാദാപുരം എന്നിവിടങ്ങളില്‍ മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സീറ്റ് ലീഗിനാണ് എന്ന മട്ടില്‍ പ്രചരണം നടത്തുന്നുണ്ട്. സാമൂഹിക മാധ്യമ കൂട്ടായ്മകളിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് ഒരു സീറ്റ് അധികം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ലോകസഭ സീറ്റ് തന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്ന കടുംപിടുത്തത്തില്‍ ലീഗ് ഉറച്ചതോടെ ആകെ പ്രതിസന്ധി ആയിരുന്നു. വലിയ പ്രതിസന്ധിക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം എന്ന ഉറപ്പ് മുന്‍നിര്‍ത്തിയാണ് അന്ന് പ്രതിസന്ധി യു ഡി എഫ് പരിഹരിച്ചത്. ഈ സമവായ നിര്‍ദ്ദേശമാണ് ലീഗ് ഇപ്പോള്‍ എടുത്തിട്ടിരിക്കുന്നത്. നേരത്തെ തന്നെ സമ്മര്‍ദ്ദം ചെലുത്തിയാലേ ചോദിച്ചതിന്റെ പകുതി എങ്കിലും കിട്ടു എന്നാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്.
മാര്‍ച്ച് 28നകം ലീഗില്‍ ധാരണയുണ്ടാക്കി സീറ്റ് വിഷയത്തില്‍ വില പേശല്‍ തന്നെയാണ് ലീഗ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. എന്തായാലും ഏപ്രില്‍ രണ്ടാം വാരം ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനാണ് ലീഗ് തീരുമാനം.
