തിരുവനന്തപുരം: നവകേരള സദസിന്റെ ചെലവും കണക്കുകളും പുറത്തുവിടാതെ പൂഴ്ത്തിവെച്ചതിനുപിന്നാലെ മറ്റൊരു സംസ്ഥാന യാത്രയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികവും വികസനവും എന്ന പേര് പറഞ്ഞാണ് വീണ്ടും സംസ്ഥാനം ചുറ്റിക്കറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ യാത്ര. ഇത്തവണത്തെ യാത്രയുടെ ചെലവിനുള്ള തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ വിഷമവൃത്തത്തിലാണ് ഉദ്യോഗസ്ഥരും.
ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയാണ് കേരളപര്യടനം എന്ന പേരില്‍ വികസന യാത്ര നടത്തുന്നത്. ഏപ്രിലില്‍ കാസര്‍കോട് തുടക്കമാകുന്ന യാത്ര മെയ് 21 തിരുവനതപുരത്ത് സമാപിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പര്യടനം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നവകേരള സദസിന്റെ ചെലവ് ഇതുവരെ പുറത്തുവിടാത്ത സാഹചര്യത്തിലാണ് വീണ്ടും കോടികള്‍ ചെലവിട്ട് കേരള പര്യടനം എന്ന പേരില്‍ ആഡംബര യാത്രയും ധൂര്‍ത്തും നടത്തുന്നത്.
പുതിയ കേരള പര്യടനത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ ഇത് തുടങ്ങും. ഏപ്രില്‍ 21 നകം അവസാനിപ്പിക്കും. ഇതിനുശേഷമായിരുക്കും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന യാത്ര. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും പങ്കെടുക്കും. ഫലത്തില്‍ യാത്ര, ഭക്ഷണം, താമസം, ഉദ്യോഗസ്ഥരുടെ ബാറ്റ, സുരക്ഷാ ക്രമീകരണം എന്നിങ്ങനെ കോടികളാകും ചെലവഴിക്കേണ്ടി വരിക. എന്നാല്‍, ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്ന കാര്യത്തില്‍ ഒരു ധാരണയുമില്ല. നവകേരള സദസ് മാതൃകയില്‍ സ്പോണ്‍സര്‍ഷിപ്പ് വഴി തുക കണ്ടെത്താനാണ് നിലവിലെ നിര്‍ദ്ദേശം. എന്നാല്‍ നവ കേരള സദസിന്റെ ചെലവഴിച്ച തുക പോലും പുറത്തുവിടാത്ത സാഹചര്യത്തില്‍ എങ്ങനെ പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്തും എന്നതാണ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നത്.
നവ കേരള സദസിനു പിന്നാലെ നവ കേരള യോഗങ്ങള്‍ എന്ന പേരില്‍ സംസ്ഥാനത്ത് എട്ടിടങ്ങളില്‍ വിവിധ സംഗമങ്ങളും നടത്തിയിരുന്നു. വനിത, തൊഴില്‍, കാര്‍ഷികം, സാംസ്കാരികം, കായികം എന്നിങ്ങനെ വിവിധ പേരുകളിലായിരുന്നു അവ. ഈ കൂട്ടായ്മകള്‍ക്ക് ചെലവഴിച്ച തുക കണ്ടെത്താന്‍ മിക്ക ജില്ലകളിലും ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുകയാണ്. അതിനിടയിലാണ് പുതിയ യാത്ര. മാത്രവുമല്ല, നവ കേരള സദസിന് ചെലവഴിച്ച തുക ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല. പൊതുഭരണ വകുപ്പ് ഈ വിഷയത്തില്‍ ഇപ്പോളും ഒളിച്ചുകളി തുടരുകയാണ്. അതിനിടയിലാണ് വികസനവും വാര്‍ഷികവും എന്ന പേര് പറഞ്ഞുള്ള മറ്റൊരു യാത്ര കൂടി നടത്തുന്നത്.
നവ കേരള സദസിന്റെ ലൈവ് സ്ട്രീമിങ് നടത്തിയ സ്ഥാപനം ആകട്ടെ, ആ ജോലി നിര്‍വഹിച്ച അഞ്ചു ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു നയാപൈസ പോലും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ജീവനക്കാര്‍ക്ക് കൊടുത്തിട്ടുമില്ല. പി ആര് ഡി തുക അനുവദിക്കാത്തതുകൊണ്ടാണ് ശമ്പളം മുടങ്ങിയത് എന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. ശമ്പളം കിട്ടാതെ രണ്ടു വര്‍ഷമായി ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ സ്ഥാപന ഉടമ അടക്കമുള്ളവര്‍ തുക ലഭ്യമാക്കാന്‍ വേണ്ട ഒരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മറ്റൊരു യാത്ര കൂടി നടത്തുന്നത്
