കൊച്ചി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഫണ്ടിൽ നിന്ന് 3,062.58 കോടി രൂപ വെട്ടിക്കുറച്ച് ബിജെപി സർക്കാർ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രധാന വിദ്യാഭ്യാസ സഹായ പദ്ധതികൾ കേന്ദ്ര സർക്കാർ ആസൂത്രിതമായി ഇല്ലാതാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിരിക്കുന്നു. പ്രീ-മെട്രിക് സ്കോളർഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്സിഡി സ്കീം തുടങ്ങി നിരവധി വിദ്യാഭ്യാസ സഹായ പദ്ധതികൾ നിർത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുകയാണ്. 2017 മുതൽ 10,432.53 കോടി രൂപ അനുവദിച്ചിട്ടും, 7,369.95 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള തുക ബിജെപി സർക്കാർ വെട്ടിക്കുറച്ച് ന്യൂനപക്ഷ വിദ്യാർത്ഥികളുടെ അവകാശം കവർന്നിരിക്കുകയാണ്. നിലവിലെ വിദ്യാഭ്യാസ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ പിന്തുണ അനിവാര്യമാണ്. എന്നാൽ, ബിജെപി സർക്കാർ ഈ പിന്തുണ നിഷേധിക്കുകയാണ്. 2024-25 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ അംഗീകരിക്കാനാകാതെ നയതന്ത്ര പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസം ഇല്ലാതാക്കുന്ന ഈ നീക്കത്തിനെതിരെ എൻസിപി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എൻ എ മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു.
