ഭൂമിയിൽ നിന്ന് 254 മൈൽ (409 കിലോമീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS). ഏകദേശം 25 വർഷമായി ലോകമെമ്പാടുമുള്ള ബഹിരാകാശയാത്രികർ എത്തുന്ന ഒരു മനുഷ്യ നിർമിത പരീക്ഷണ സ്ഥലം. ശാസ്ത്രീയ പരീക്ഷണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വർത്തിക്കുന്ന ഫുട്ബോൾ മൈതാന വലിപ്പത്തിലുള്ള ആ ഗവേഷണ ലാബ് പ്രധാനമായും അമേരിക്കയും റഷ്യയുമാണ് കൈകാര്യം ചെയ്യുന്നത്.ഭൂമിയിലെ സാഹചര്യങ്ങളിൽ മാത്രം നിലനിൽക്കുന്ന മനുഷ്യർ ബഹിരാകാശത്ത് ദീർഘനാളുകൾ താമസിക്കുന്നത് പേശികളുടെയും അസ്ഥികളുടെയും നഷ്ടം, വൃക്കയിലെ കല്ലുകളിലേക്ക് നയിച്ചേക്കാവുന്ന ദ്രാവക മാറ്റങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, ഗുരുത്വാകർഷണത്തിലേക്ക് മടങ്ങുമ്പോൾ ഉള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടൽ തുടങ്ങി ഒട്ടേറെ ശാരീരിക വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. ഈ ദീർഘനാൾ പരീക്ഷണത്തെ ഇരുവരും ഏറെ ധൈര്യത്തോടെയാണ് മറികടന്നത്. രണ്ട് ബഹിരാകാശയാത്രികരും പരിചയസമ്പന്നരായ ISS ക്രൂ അംഗങ്ങളായിരുന്നു എന്നത് തന്നെയാണ് അതിന് കാരണം.
അവർ എന്താണ് കഴിച്ചത്, 9 മാസം അവർ എങ്ങനെ ജീവിച്ചു?
ലോകത്തുള്ള മിക്കവാറും ആളുകളെ അലട്ടിയിരുന്ന ഒരു പ്രധാന ചോദ്യം തന്നെ ആയിരിക്കണം അത്. ഐഎസ്എസിലെ ഭക്ഷണം, അവർ എന്ത് കഴിച്ചു, അവർക്ക് സാധാരണ ഭക്ഷണങ്ങൾ കഴിക്കാനാകുമോ… എങ്ങനെ കഴിച്ചു കാണും എന്നതൊക്കെ… കഴിഞ്ഞ വർഷം നവംബർ 18 ന്, നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്ടെയിലുകൾ എന്നിവ കഴിച്ചതായുള്ള റിപ്പോർട്ട് ഒരു പ്രമുഖ പത്രം പുറത്തിറക്കിയിരുന്നു.
എന്നാലും ദീർഘനാളത്തെ താമസം കാരണം പരിമിതമായ പുതിയ ഉൽപ്പന്നങ്ങളിൽ നിന്നും, അതിജീവനത്തിനായി പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയെന്നതാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട്. .
പ്രഭാതഭക്ഷണ ധാന്യങ്ങൾ, പൊടിച്ച പാൽ, പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്ക്ടെയിലുകൾ, ട്യൂണ എന്നിവ ബഹിരാകാശയാത്രികർക്ക് ലഭ്യമായിരുന്നുവെങ്കിലും, നാസയിലെ ഡോക്ടർമാർ നിരന്തരം ഇരുവരുടെയും കലോറി ഉപഭോഗം നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.
പഴങ്ങളും പച്ചക്കറികളും തുടക്കത്തിൽ ലഭ്യമായിരുന്നുവെന്നും എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തീർന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്ന വാർത്തയായിരുന്നു.
ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന എല്ലാ മാംസവും മുട്ടയും മുൻകൂട്ടി പാകം ചെയ്തവയാണ്, വീണ്ടും ചൂടാക്കൽ മാത്രമേ ആവശ്യമുള്ളൂ. സൂപ്പ്, സ്റ്റ്യൂ, കാസറോളുകൾ തുടങ്ങിയ നിർജ്ജലീകരണം ചെയ്ത ഭക്ഷണങ്ങൾ ISS-ന്റെ 530-ഗാലൺ ശുദ്ധജല ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വീണ്ടും ജലാംശം നൽകി ഉപയോഗിക്കുകയായിരുന്നു. ഇരുവരുടെയും മൂത്രവും വിയർപ്പും മികച്ച സാങ്കേതികവിദ്യയിലൂടെ വെള്ളമായി മാറ്റി എന്നുള്ള റിപ്പോർട്ടുകളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
മാസങ്ങൾക്ക് ശേഷമുള്ള ഇരുവരുടേയും ചിത്രങ്ങൾ ലോകത്തിന്റെ പല കോണുകളിൽ നിന്നുമുള്ള വിമർശനങ്ങൾക്കും സംശയത്തിനും ആശങ്കയ്ക്കും വഴിവെച്ചിരുന്നു. ഇരുവരുടെയും ശരീരഭാരം അമിതമായി കുറഞ്ഞ രീതിയിൽ കാണപ്പെട്ടത് ഐ.എസ്.എസിലെ ഭക്ഷണത്തിന്റെ അഭാവം മൂലമല്ല എന്നും, ബഹിരാകാശത്തുള്ള ദീർഘനാളത്തെ വാസം മനുഷ്യ ശരീരത്തെ ശോഷിപ്പിക്കും എന്നുള്ള കാരണത്താലായിരുന്നു. ദൗത്യം അപ്രതീക്ഷമായി നീണ്ടു പോയാലും യഥാർഥ്യത്തിൽ ഒരു ബഹിരാകാശയാത്രികന് പ്രതിദിനം ഏകദേശം 3.8 പൗണ്ട് എന്ന രീതിയിൽ ഒരുപാട് കാലത്തേക്കുള്ള ഭക്ഷണം ഐ.എസ്.എസിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
