ഡൽഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഡൽഹിയിൽ ‘ആന്റി റോമിയോ സ്ക്വാഡുകൾ’ ഏർപ്പെടുത്താനൊരുങ്ങി ഡൽഹി പോലീസ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയാണിത്. ഇതിനായി ‘ആന്റി-ഈവ് ടീസിംഗ്’ അല്ലെങ്കിൽ ‘ശിഷ്ടാചാർ’ സ്ക്വാഡുകളെ ഉടൻ തന്നെ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ വിന്യസിക്കും.
2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പൊതു ഇടങ്ങളിലും ‘ആന്റി റോമിയോ സ്ക്വാഡുകൾ’ വിന്യസിക്കുമെന്നും സിസിടിവി ക്യാമെറകൾ സ്ഥാപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
ആന്റി റോമിയോ സ്ക്വാഡുകളിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടും. അവർ അത്തരം കുറ്റകൃത്യങ്ങൾ തത്സമയം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മാർച്ച് 8-ന് പോലീസ് കമ്മീഷണർ സഞ്ജയ് അറോറ ഒപ്പിട്ട ഒരു ഉത്തരവിൽ പറയുന്നത്. ഓരോ ജില്ലയിലും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) നേതൃത്വം നൽകുന്ന കുറഞ്ഞത് രണ്ട് ‘ആന്റി-ഈവ് ടീസിംഗ്’ സ്ക്വാഡുകൾ ഉണ്ടായിരിക്കും.
