രാജ്യത്ത് തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. മാർച്ച് ആറ് മുതൽ പന്ത്രണ്ട് വരെ 23,865 ഓളം നിയമലംഘകരാണ് പിടിയിലായത്. ഇതിൽ 16,644 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരുമാണ്. 3,896 അതിർത്തി സുരക്ഷാലംഘകരും 3,325 തൊഴിൽ നിയമലംഘകരും ഇതിൽപ്പെടുന്നു. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇതുകൂടാതെ രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,432 പേർ അറസ്റ്റിലായി. ഇതിൽ 67 ശതമാനവും എത്യോപ്യൻ പൗരന്മാരാണ്. 29 ശതമാനം യമനികളും നാല് ശതമാനം മറ്റു രാജ്യക്കാരുമുണ്ട്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 97 പേർ അറസ്റ്റിലായി. താമസം, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരും പിടിയിലായിട്ടുണ്ട്.
നിലവിൽ നടപടികൾ നേരിടുന്ന 39,976 നിയമലംഘകരിൽ 36,335 പുരുഷന്മാരും 3,669 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 32,825 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,331 പേരെ നാടുകടത്തുകയും ചെയ്തു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
