ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാനും മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റാനും ബജറ്റിൽ പ്രഖ്യാപിച്ചു
ചെന്നൈ: കേന്ദ്രവുമായുള്ള ഭാഷാപ്പോര് നടക്കവേ തമിഴ് ഭാഷയുടെ പ്രചാരം ശക്തമാക്കാൻ കോടികൾ അനുവദിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാന ബജറ്റിലാണ് തമിഴ് പരിപോഷിപ്പിക്കാൻ നിരവധി പദ്ധതികളുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തമിഴ് പുസ്തക മേളകൾ സംഘടിപ്പിക്കുക. ദുബൈയിലും സിംഗപ്പൂരിലും പുസ്തകമേള സംഘടിപ്പിക്കുക. മധുരൈയിൽ ഭാഷാ മ്യൂസിയം. മെഡിക്കൽ-എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റുക തുടങ്ങിയ നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റലാക്കാൻ രണ്ട് കോടി. വിദേശത്ത് സ്ഥിരതാമസമാക്കിയ കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാൻ പത്ത് കോടി. ലോക തമിഴ് ഒളിമ്പ്യാഡ് നടത്താൻ ഒരു കോടി. തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ എന്നിങ്ങനെയും തുകകൾ ഭാഷ പ്രചാരത്തിനായി സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യാനും മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റാനും ബജറ്റിൽ പ്രഖ്യാപിച്ചു.
