ഗുജറാത്തിലെ രാജ്കോട്ടില്‍ അസ്ലാന്റിസ് കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേര് മരിച്ചു. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫര്‍ണീച്ചര്‍ വര്‍ക്കുകള്‍ നടക്കുന്നതിന് ഇടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തില്‍ നിന്നും കനത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എമര്‍ജന്‍സി സര്‍വീസ് ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കുകയും അമ്പതോളം പേരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇനിയും മുപ്പതോളം പേർ കെട്ടിടത്തിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സുകളും ഫയര്ട്രക്കുകളും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതും ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം
