കൊച്ചി : രക്താർബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആലപ്പുഴ സ്വദേശിനി മരിച്ച സംഭവത്തിൽ പിതാവ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. മൂന്നാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം ആർസിസിയിൽ നിന്നും രക്തം മാറ്റിവെക്കുന്നതിനിടെയാണ് കുട്ടിക്ക് രക്തത്തിലൂടെ എയ്ഡ്സ് ബാധയുണ്ടായത്. ആർസിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
