
ബെംഗളൂരു: വരുന്ന രണ്ടു ദിവസങ്ങളില്‍ കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് . മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗര്‍, കുടക്, ഹാസന്, ചിക്കബെല്ലാപുര, തുമകൂരു, രാമനഗര എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
കര്‍ണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയില്‍ വർധനയുണ്ടാവുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാലങ്ങളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ആയാസകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും ഉച്ചക്ക് 12നും വൈകിട്ട് മൂന്നിനുമിടയില്‍ പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പുണ്ട്. വേനല്‍ ചൂടിന് ആശ്വാസമായി ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞദിവസം വേനല്‍ മഴയെത്തിയിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബംഗളൂരുവില്‍ മഴ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും ഇത്തവണ 30 മുതല്‍ 40 വരെ ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നും ‘ലാ നിന’ എന്ന പ്രതിഭാസമാണ് മഴക്ക് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ശാന്തി നഗര്‍, കോര്പറേഷന് സര്‍ക്ള്‍, റിച്ച് മണ്ട് റോഡ്, കെ.ആര് മാര്‍ക്കറ്റ്, മെജസ്റ്റിക്, ജയനഗര്‍, ബനശങ്കരി, ജെ.പി നഗര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം മഹാദേവപുരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.