
ലയാളത്തിന്റെ ആധുനിക കവിത്രയങ്ങളിൽ ഒരാളിന്റെ 67-ാം ചരമവാർഷികം. വള്ളത്തോൾ എന്ന പേര് കവിതാ കൂട്ടത്തിലെ ഏറ്റവും സുഗന്ധമുള്ള പൂക്കളിൽ ഒന്നായിരുന്നു. വള്ളത്തോൾ നാരായണ മേനോൻ സർഗ്ഗാത്മക മലയാള സാഹിത്യത്തിന്റെ പുതുവഴികൾ പദ്യ ശാഖയ്ക്ക് പകരുമ്പോൾ, കാവ്യ വഴികളിൽ പുരാതന കവിത്രയങ്ങൾ ഒരുക്കിയിട്ട വഴികൾക്ക് പുതിയ വെളിച്ചം കൈവന്നത് പോലെ അവ തെളിച്ചു കത്തുകയും ചെയ്തു. വള്ളത്തോളിന്റെ “ദിവാസ്വപ്നം” എന്ന കവിതയിലെ
“ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാണകമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ”
എന്ന വരികളിൽ തന്നെയാണ് ഒരു കാലത്ത് തിളയ്ക്കുന്ന യുവത്വം സ്വന്തം മണ്ണിനെ കുറിച്ചും മണ്ണിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും സ്വപ്നങ്ങൾ കണ്ടത്. വൈകാരികമായ ഹൃദയം തൊടലുകളുടെ കൗതുകം വള്ളത്തോൾ കവിതകൾക്കുണ്ടായിരുന്നു. ഒരുപക്ഷെ ഇന്നത്തെ കാലത്ത് ഇത്തരം വരികൾ ആരെങ്കിലും എഴുതിയാൽ അയാളെ ഭൂരിപക്ഷ സവർണ പ്രതിനിധി എന്നൊക്കെ പറഞ്ഞു കപട ഫാസിസ്റ്റ് വിശ്വാസികൾ ചോദ്യം ചെയ്തേക്കാം. സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ഉപയോഗം തിരിച്ചറിയാനാകാത്ത ഒരാൾക്ക് ഒരിക്കലും വള്ളത്തോളിന്റെ ഈ കവിതയെ നിരൂപണം ചെയ്യാനേ കഴിയില്ല എന്നത് തന്നെയാണ് സത്യം.
സ്വാതന്ത്ര്യത്തിന്റെ നെരിപ്പോടുകൾ ആർദ്രതയിലൂടെയും അഹിംസയിലൂടെയും സ്വന്തമാക്കിയ, അതിലേറെ വിമർശനങ്ങളും ഏറ്റു വാങ്ങിയ ഗാന്ധിജിയെ തന്നെ സ്വന്തം ഗുരുനാഥനായി വള്ളത്തോൾ കണ്ടിരുന്നുവെന്ന് ഈ വരികൾ കാണിച്ചു തരുന്നുണ്ട്. സ്കൂൾ പഠന കാലത്തെ കുട്ടി മനസ്സുകളിൽ സ്വാതന്ത്ര്യ ബോധത്തെ കുറിച്ചും മികച്ച ഗുരുവിനെ കുറിച്ചും ഗാന്ധിജിയെ കുറിച്ചുമുള്ള ഏറ്റവും മികച്ച തിരിച്ചറിവ് തന്നെയായിരുന്നു “എന്റെ ഗുരുനാഥൻ ” എന്ന ഈ കവിത എന്ന് നിസ്സംശയം പറയാം. സ്വാതന്ത്ര്യ സമര കാലത്ത് തൂലിക അക്ഷരാർത്ഥത്തിൽ പടവാളാക്കി മാറ്റിയ കവി ആയിരുന്നു വള്ളത്തോൾ നാരായണ മേനോൻ. ആ കവിതകൾ ഇന്നും വായിക്കപ്പെടുമ്പോൾ അതെ ചൂടും ചൂരുമുണ്ടാകുന്നത് കൊണ്ട് തന്നെയാണ് ജനമനസ്സുകളിൽ എത്ര ഉത്തരാധുനികത തിങ്ങി നിറഞ്ഞാലും ഇത്തരം കവിതകളും കാലത്തിന്റെ ഒഴുക്കിൽ തിളക്കം കെട്ട് പോകാതെ ശോഭിയ്ക്കുന്നത്. ക്ലാസിക്ക് കവിയായി മലയാളത്തിൽ കുടിയിരുത്തപ്പെടുന്ന വള്ളത്തോൾ 1905 ൽ വാത്മീകി രാമായണം വിവർത്തനം ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ 1907 ൽ അത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. 1878 ഒക്ടോബർ 16-ന് തിരൂരി ലാണ് അദ്ദേഹം ജനിച്ചത്. 1958 മാർച്ച് 13-ന് അന്തരിക്കുമ്പോൾ മലയാളിയുടെ മനസിലേയ്ക്ക് കവിയെ അടയാളപ്പെടുത്തുന്ന നിരവധി എഴുത്തുകൾ അദ്ദേഹം മലയാളത്തിനു ചൊരിഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര കാലത്തെ കവിയായിരുന്നതിനാൽ തന്റെ കവിത്വത്തിനു അംഗീകാരമായി ബ്രിട്ടീഷ് രാജകുമാരാൻ വച്ച് നീട്ടിയ അംഗീകാരം പോലും വേണ്ടെന്നു വയ്ക്കാൻ ധൈര്യം കാട്ടിയ കവിയായിരുന്നു വള്ളത്തോൾ.
മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാൽ വെറുമൊരു രാജ്യമല്ലെന്നും അത് സ്വയം അമ്മയായി തന്നെ കണ്ടു വണങ്ങേണ്ട ദിവ്യ പ്രഭാവമാണെന്നും കവിതയിൽ എഴുതിയ അന്നത്തെ മഹാരഥന്മാരുടെ കൂട്ടത്തിൽ തന്നെയായിരുന്നു വള്ളത്തോളും ജീവിച്ചിരുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായ സാഹിത്യമഞ്ജരി, ശിഷ്യനും മകനും (1918), ചിത്രയോഗം, ബന്ധനസ്ഥനായ അനിരുദ്ധൻ (1914), മഗ്ദലനമറിയം (1921), കൊച്ചുസീത (1927), അച്ഛനും മകളും (1936) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. ഒരു അസുഖത്തെ തുടർന്ന് ബധിരനായതിനു ശേഷം വള്ളത്തോൾ എഴുതിയ കൃതിയാണ്, “ബധിരവിലാപം.” ചില നേരങ്ങളിൽ എഴുത്തുകാരന് സ്വന്തം വേദനകൾ അക്ഷരങ്ങളായി ചിത്രീകരിയ്ക്കാതെ വയ്യല്ലോ.
കാലം വള്ളത്തോളിനെ അടയാളപ്പെടുത്തുന്നത് ഒരിക്കലും കവി എന്ന നിലയ്ക്ക് മാത്രമല്ല. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗുരുകുലം, അതും കലയുടെ സർവ്വകലാശാലയായ ചെറുതുരുത്തി കലാമണ്ഡലം സ്ഥാപിയ്ക്കാൻ വള്ളത്തോൾ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടിട്ടുള്ളത്. 1927-ൽ കോഴിക്കോട്ട് കലാമണ്ഡലം സ്ഥാപിതമായി. ഇതിപ്പോൾ വള്ളത്തോളിന്റെ ഒരു നിത്യ സ്മാരകമായാണ് നിലകൊള്ളുന്നത്. 1919-ൽ “കവിതിലകൻ” എന്ന ബഹുമതി, 1923-ൽ തിരുവിതാംകൂർ മഹാരാജാവിന്റെ വക “വീരശ്യംഖല”യും “കവിസർവ്വഭൗമ” സ്ഥാനവും, 1946-ൽ മദിരാശി ഗവൺമെന്റിന്റെ ആസ്ഥാന കവിത്വം, 1955-ൽ പദ്മഭൂഷൻ, മരണാനന്തര ബഹുമതിയായി സോവിയറ്റ്ലാന്റിന്റെ നെഹ്റു സമാധാന സമ്മാനം എന്നിവ അദ്ദേഹത്തിലെ കവിത്വത്തിന്റെ തിളക്കം കൂട്ടിയതേയുള്ളൂ. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളിലും വള്ളത്തോൾ ഇരുന്നിട്ടുണ്ട്. കാവ്യ ലോകത്തിനു ആധുനിക കവിത്രയങ്ങളുടെ സംഭാവന ഏറെ വലുതാണ്. അതിൽ വള്ളത്തോളിന്റെ പ്രസക്തി കവി എന്ന നിലയ്ക്കും ഒരു കലാ സപര്യയുടെ നെടും തൂൺ എന്ന നിലയിലും കാലം എന്നും ഓർത്തുവയ്ക്കും എന്നത് ഉറപ്പാണ്.