കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്. രണ്ട് കുട്ടികൾ ചികിത്സയിലാണെന്നും കുട്ടികളിലെ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ ഇവരിൽ കണ്ടതായും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
സ്വകാര്യ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മൂന്ന് കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പ്രിൻസിപ്പൽ പറഞ്ഞു. രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ട്. നിലവിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചതായും സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പ്രിൻസിപ്പൽ അറിയിച്ചു.
എന്താണ് വൈറൽ മെനിഞ്ചൈറ്റിസ്?
തലച്ചോറിൻ്റെയും നട്ടെല്ലിൻ്റെയും സംരക്ഷണ ആവരണമായ മെനിഞ്ചെസിനെ ബാധിക്കുന്ന അണുബാധയാണ് വൈറൽ മെനിഞ്ചൈറ്റിസ്. വൈറസ് ആണ് രോഗവാഹകർ. ബാക്ടീരിയ മൂലമുണ്ടാകുന്ന ബാക്ടീരിയൽ മെനിഞ്ചൈറ്റിസുമായി താരതമ്യം ചെയ്യുമ്പോൾ വൈറൽ മെനിഞ്ചൈറ്റിസ് ഗുരുതരമല്ല. തലവേദന, പനി, കഴുത്തിലെ കാഠിന്യം, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണം.
