ചെന്നൈയിൽ പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ കൊടുംക്രൂരത. അജ്ഞാതരായ ഒരു സംഘം വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം നടന്നത്. 11ാം ക്ലാസ് വിദ്യാർഥിയായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്.
മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസിൽ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. ആക്രമണത്തിൽ തലക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ദേവേന്ദ്രനെ ശ്രീവൈകുണ്ഡം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ദേവേന്ദ്രന്റെ കുടുംബം പറയുന്നത്, അടുത്തിടെ നടന്ന ഒരു കബഡി മത്സരത്തിൽ എതിർ ടീമിനെ പരാജയപ്പെടുത്തുന്നതിൽ ദേവേന്ദ്രൻ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാണ് ഈ ക്രൂരതയെന്നാണ് തങ്ക ഗണേഷ് പറയുന്നത്.
