കേരളത്തിലെ ആശാ വർക്കേഴ്സിന്റെ സമരത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് പാര്ലമെന്റില് ഉന്നയിച്ച് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർ. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. സംസ്ഥാനവും കേന്ദ്രവും കൂടി തീരുമാനിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സമരങ്ങളെ അധിക്ഷേപിക്കുന്ന രീതിയാണ് സംസ്ഥാന സർക്കാരിന്റേത്. ആശ വർക്കേഴ്സിന്റെ സമരത്തെ അധിക്ഷേപിക്കുന്ന സംസ്ഥാനസർക്കാരിന്റെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. ആശപ്രവർത്തകരെ തൊഴിലാളികൾ ആക്കണം. ആരോഗ്യ മേഖലക്ക് വലിയ സംഭാവന നൽകുന്നവരാണ് ആശാ വർക്കർമാർ. കേന്ദ്രവും സംസ്ഥാനവും പഴിചാരി അവസാനിപ്പിക്കേണ്ട വിഷയമല്ല. കേന്ദ്രസർക്കാർ പണം നൽകുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസർക്കാർ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. ഇതിൽ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തണം. ആശമാർക്ക് 21,000 രൂപ പ്രതിമാസം അലവൻസും വിരമിക്കൽ ആനുകൂല്യവും നൽകണം – കെ. സി വേണുഗോപാൽ പറഞ്ഞു.
പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകണമെന്നും ശശി തരൂർ എംപിയും ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു. ഇക്കാലമത്രയും വെറും ഏഴായിരം രൂപയാണ് അവർക്ക് അലവൻസ് ആയി ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശവർക്കർമാരുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ചർച്ച പോലും നടത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ ഇടപെട്ട് എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
