ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 2002നും 2013നും ശേഷം മൂന്നാം തവണയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടുന്നത്. ഈ വിജയനിമിഷത്തിന് സാക്ഷ്യം വഹിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ ഗവാസ്കർക്ക് തന്റെ സന്തോഷം മറച്ചുവയ്ക്കാനായില്ല.കൊച്ചു കുഞ്ഞിനെ പോലെ ഗവാസ്കർ തുള്ളിച്ചാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് ആഹ്ളാദത്തോടെ ചുവടുവെക്കുന്ന സുനിൽ ഗവാസ്കറുടെ ദൃശ്യങ്ങൾ പകർത്തിയത്. സുനിൽ ഗവാസ്കർ നൃത്തം ചെയ്യുകയും ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ട് റോബിന് ഉത്തപ്പയും സ്പോർട്സ് അവതാരക മായന്തി ലാംഗറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. 75കാരനായ ഗവാസ്കറുടെ വൈറല്‍ ഡാന്‍സ് ആരാധകർ ഏറ്റെടുത്തിരുന്നു.
