എം. എസ്. സനിൽ കുമാർ
സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തി എന്നതാണ് ഏറെ ചർച്ചയാകുന്നത്
കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സമ്മേളനത്തോടും മുഖം തിരിച്ച് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്. കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും എസ് എഫ് ഐ മുൻ സംസ്ഥാന നേതാവ് കൂടിയായ സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്. സിപിഎം സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആവേശപൂർവം നടക്കവേ സുരേഷ് കുറുപ്പ് ഇരിട്ടി മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തി എന്നതാണ് ഏറെ ചർച്ചയാകുന്നത്. എട്ടാം തീയതി ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം 9നാണ് മടങ്ങിയത്. സിപിഎം സമ്മേളനത്തെ പറ്റി ഒരക്ഷരം പോലും അദ്ദേഹം പ്രതികരിച്ചില്ല.
ഇക്കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ നിന്നും സുരേഷ് കുരുപ്പിനെ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കാം ഒഴിവാക്കിയിരുന്നു. പാമ്പാടിയിൽ നടന്ന സമ്മേളനത്തിൽ ഇത്തരമൊരു തീരുമാനം ഉണ്ടായതിൽ അദ്ദേഹം അസ്വസ്ഥനുമായിരുന്നു. സമകാലീനർ ജില്ലാ കമ്മിറ്റിയിൽ എത്തിയപ്പോൾ സുരേഷ് കുറുപ്പിനെ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത്.
അതിനുശേഷം തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ നിന്നും അദ്ദേഹം മാറിനിന്നു. ആദ്യകാല നേതാക്കളുടെ സംഗമത്തിൽ നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. പിന്നാലെ സിപിഎം സംസ്ഥാന സമ്മേളന പതാക ജാഥയോടും മുഖം തിരിച്ചു. ഏറ്റുമാനൂർ വഴി കടന്നുപോയ ജാഥയുടെ ഒരു സ്വീകരണ യോഗത്തിൽ പോലും അദ്ദേഹം പങ്കെടുത്തില്ല.
സാധാരണ സിപിഎം സമ്മേളനത്തിന്റെ സമാപന സമ്മേളനങ്ങളിൽ മുൻകാല നേതാക്കളും ജനപ്രതിനിധികളും ഒക്കെ പങ്കെടുക്കാറുണ്ട്. കീഴ്വഴക്കം അല്ലെങ്കിലും മുൻകാല പ്രവർത്തകരെയും നേതാക്കളെയും ഒക്കെ കണ്ട് പരിചയം പുതുക്കാനുള്ള വഴി എന്ന നിലയിൽ മിക്ക നേതാക്കളും സമ്മേളനത്തിൽ എത്താറുമുണ്ട്. എന്നാൽ സുരേഷ് കുറുപ്പ് സമ്മേളനത്തോട് വിമുഖത കാട്ടി എന്നത് മാത്രമല്ല, മറിച്ച് ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്നു. സുരേഷ് കുറുപ്പിന്റെ ഈ നടപടിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. ആലപ്പുഴയിൽ നിന്നും നേരത്തെ വിജയിച്ച ഡോ. കെ എസ് മനോജിന്റെ പാതയിലാണോ കുറുപ്പിന്റെ സഞ്ചാരം എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ സഹതാപ തരംഗം ഉണ്ടായിട്ടും കേരളത്തിൽ നിന്നും വിജയിച്ച ഏക ഇടതുപക്ഷ നേതാവ് സുരേഷ് കുറുപ്പ് ആയിരുന്നു. നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കോട്ടയം മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്ന നേതാവ് കൂടിയാണ് സുരേഷ് കുറുപ്പ്. വളരെ സൗമ്യനും ജനകീയനുമായ നേതാവ് കൂടിയാണ് അദ്ദേഹം.
