പുതുവത്സരാഘോത്തിന് പണം നൽകാത്തതിനായിരുന്നു 25കാരനായ മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. മകന്റെ ആക്രമണത്തിൽ മുഖത്തും കൈയിലും അടക്കം അമ്മയ്ക്ക് പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നു.
കൊച്ചി: മകൻ ജയിലിൽ കിടക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് അമ്മ പറഞ്ഞതോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദൗർഭാഗ്യവതിയായ അമ്മയുടെ കണ്ണീരുകലർന്ന വാക്കുകൾ എന്ന് പറഞ്ഞാണ് യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. മാതാവ് പരാതി ഉന്നയിച്ചാൽ യുവാവിന്റെ ജാമ്യം റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി. യുവാവിനെതിരെ പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.
ജനുവരി ഒന്നാം തീയതി മുതൽ ജയിയിലാണെന്നതടക്കം ചൂണ്ടിക്കാട്ടി യുവാവ് ജാമ്യാപേക്ഷ നൽകിയിരുന്നു. പരാതിയില്ലെന്ന് അമ്മ പറഞ്ഞാൽ മാത്രമേ ജാമ്യം അനുവദിക്കൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിന് പിന്നാലെ മകന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സത്യവാങ്മൂലം ഫയൽ ചെയ്യുകയായിരുന്നു.
പുതുവത്സരാഘോത്തിന് പണം നൽകാത്തതിനായിരുന്നു 25കാരനായ മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്. മകന്റെ ആക്രമണത്തിൽ മുഖത്തും കൈയിലും അടക്കം അമ്മയ്ക്ക് പന്ത്രണ്ടിലധികം മുറിവുകളുണ്ടായിരുന്നു. കാര്യം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനോട് മകൻ ജയിലിൽ കിടക്കുന്നത് അമ്മ എന്ന നിലയിൽ സഹിക്കാൻ കഴിയുന്നില്ല എന്നാണ് അവർ പറഞ്ഞത്.
