മലയാളത്തിന്റെ ‘സൂപ്പർ സ്റ്റാർ മോഹൻലാൽ ആശുപത്രിയിലെന്ന പ്രചരണം വ്യാജമായിരുന്നു . സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ നടൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അവകാശപ്പെടുന്നവയാണ്. പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ. ചിലതിൽ ആശുപത്രി റിപ്പോർട്ടും നടന്റെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ഉൾപ്പെടുത്തിയിരുന്നു. പുതിയ സംഭവം എന്ന നിലയിലായിരുന്നു പ്രചരിക്കുന്ന പോസ്റ്റുകളിലെയും വിഡിയോയിലെയും അവതരണം.
എന്നാൽ വാർത്ത 2024 ആഗസ്റ്റ് 18ലേതാണ്. അന്ന് പനിയും ശ്വാസതടസ്സവും കാരണം മോഹൻലാൽ അമൃത ആശുപത്രിയിൽ വൈദ്യസഹായം തേടിയിരുന്നു. അന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം വൈദ്യ പരിചരണത്തിലാണെന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ വാർത്ത എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
