ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതക കേസുകളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യം
തിരുവനന്തപുരം : കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഐപി എസ് ഉദ്ഘാടനം ചെയ്തു. വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതക കേസുകളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യമാണെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഡിജിപി പറഞ്ഞു.സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു .സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്.കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിതികളുണ്ടെന്നും,ഗൃഹനാഥന്മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.
