ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ ഇന്ന് 12.30 ന് ധന മന്ത്രാലയത്തിൽ വെച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും. ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ തേടിയിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.
അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 26 ആം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയർപ്പിച്ച് ഇന്ന് കലാകാരന്മാരുടെ വിവിധ പ്രകടനങ്ങൾ അരങ്ങേറും.വൈകുന്നേരം ആറു മുതൽ 10 വരെയാണ് കവികളും ഗായകരും മറ്റു കലാകാരന്മാരും തങ്ങളുടെ കലാരൂപത്തിലൂടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക. പ്രോഗ്രസീവ് കൾച്ചറൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ബാനർ സാംസ്കാരിക സമിതിയുടെയും നേതൃത്വത്തിലാണ് കലാകാരന്മാർ എത്തുക. അന്താരാഷ്ട്ര വനിതാ ദിനമായ നാളെ വനിതാ കൂട്ടായ്മയും സംഘടിപ്പിക്കും.
