എം എസ് സനില്‍കുമാര്‍
കൊല്ലം: മൂന്നാമതും ഭരണം പിടിക്കാന്‍ കരുക്കള്‍ നീക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാനത്ത് ഉണ്ടാകുമോ എന്ന് നേതൃത്വം ചിന്തിക്കണമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം ഉയരും. ത്രിപുര പോലെ കേരളത്തിലെ പാര്‍ട്ടി അധഃപതിച്ചുപോകരുത് എന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത് എന്നുവരെ സമ്മേളന റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു.
ചില നേതാക്കള്‍ ഭരണവും അധികാരവും മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വിമര്‍ശനം ഉണ്ടായി. അതി ദരിദ്രര്‍ ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് ഭരണതലത്തില്‍ എന്ത് പിന്തുണ കിട്ടി എന്ന് അധികാരികള്‍ തന്നെ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും എന്നും യോഗത്തില്‍ തുറന്നടിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊലീസിനെയും പലപ്പോഴും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴും സര്‍ക്കാരിന് കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. റവന്യു, ഗതാഗതം, കായികം വകുപ്പുകള്‍ ഇക്കാലത്തിനകത്ത് എന്ത് ചെയ്തു എന്ന് ഒന്ന് പരിശോധിക്കുന്നതും നന്നായിരിക്കും എന്നും ചര്‍ച്ച ഉയര്‍ന്നു.
കായിക വകുപ്പ് അമ്പേ പരാജയമാണ്. പറയുമ്പോള്‍ ചില താരങ്ങള്‍ക്ക് ജോലി കൊടുത്തു എന്ന് പറയാന്‍ കഴിയും. പക്ഷെ അതിന്റെ ഗുണഫലം പൊതുസമൂഹത്തില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന് സ്വയം വിമര്‍ശനപരമായി ചര്‍ച്ച ചെയ്യണം. എല്ലാ കാലവും അവസാനഘട്ടത്തില്‍ സമരം ഉണ്ടാകുന്നു. എന്ത് കൊണ്ടാണ് ഇത് എന്ന് ഏതെങ്കിലും സിപിഎം മന്ത്രിമാര്‍ പോലും ചിന്തിച്ചോ എന്ന് ഒന്ന് തുറന്നുപറയണം. നവ കേരള സദസ്സ് കേരളത്തില്‍ ഉണ്ടാക്കിയ ക്രിയാത്മക ഇടപെടല്‍ എന്താണ്? അതി നിശിതമായ വിമര്‍ശനം പ്രത്യേകിച്ചും ആരോഗ്യം, വനം വകുപ്പുകള്‍ക്ക് എതിരെ ഉയര്‍ന്നുവന്നിട്ടും ഫലപ്രദമായി എതിര്‍ക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സിപിഐ മന്ത്രിമാര്‍ പലപ്പോഴും നോക്കുകുത്തികളാണ്. അതേസമയം സിപിഐ നേതാക്കള്‍ തന്നെ പാര്‍ട്ടിയെ വല്ലാതെ വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ട്. മുന്നണി സംവിധാനം എന്ന നിലയില്‍ ഇവരെ കൂടി നിയന്ത്രിക്കാന്‍ സിപിഎമ്മിനും സര്‍ക്കാരിനും കഴിയേണ്ടതുണ്ട് എന്ന വിമര്‍ശനവും യോഗത്തില്‍ ഉണ്ടായി.
