തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാൻ്റെ മൊഴികളിലെ അവ്യക്തത പൊലീസിനെ കുഴക്കുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ഇതിനായി ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ
മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
ഫെബ്രുവരി 24 ന് ആയിരുന്നു രാവിലെ പത്തിനും ആറിനുമിടയിലായി വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ അഫ്സാൻ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
