സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരിൽ നിന്ന് ആരെത്തും? ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പി ശശി, പി ജയരാജൻ, എം വി ജയരാജൻ എന്നിവരിൽ ഒരാൾക്കാണ് സാധ്യത. കൊല്ലത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം കണ്ണൂരിൽ നിന്നും ആരെ സെക്രട്ടേറിയറ്റിലേയ്ക്ക് പരിഗണിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.ഇത്തവണ സെക്രട്ടേറിയറ്റിൽ എത്തിയില്ലെങ്കിൽ പി ജയരാജന് ഇനി അവസരമില്ലെന്നതും ശ്രദ്ധേയമാണ്.
അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായം 75 കടക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളിൽ തുടരാനുള്ള പ്രായം 80-ൽ നിന്ന് 75 ആയി കുറച്ചത്. പി ജയരാജനെ പരിഗണിക്കാൻ അണികളിൽ വികാരം ശക്തമാണ്. സീനിയോറിറ്റി പരിഗണിച്ച് പി ശശിക്കും പരിഗണനയുണ്ട്. എം വി ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയാൽ കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരും. മാർച്ച് ആറുമുതൽ ഒമ്പതുവരെയാണ് സമ്മേളനം നടക്കുന്നത്. എം വി ജയരാജന് പകരമായി കെ കെ രാഗേഷ് ടി വി രാജേഷ് എന്നിവരാണ് പരിഗണനയിലുള്ളത്.
