തൃശൂർ – മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തിൽ തീയിട്ട മുൻജീവനക്കാരൻ ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയോടെയാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു.
കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നിരുന്നു.
ആദ്യഘട്ടത്തിൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവച്ചത് താനാണെന്ന് അവകാശപ്പെട്ട് ടിറ്റോ തോമസ് മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങിയത്. ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈരാഗത്തിലാണ് തീ വച്ചതെന്നും ഇയാൾ പോലീസിനു മൊഴി നൽകി. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
