ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ദേശാടനപക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിരിക്കുകയാണ്. ആവാസവ്യവസ്ഥയുടെ തകര്‍ച്ച, മലിനീകരണം എന്നിവയും ദേശാടനപക്ഷികളുടെ വരവ് കുറയ്ക്കുന്നതിനെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഓരോ മഞ്ഞുകാലത്തും പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളിലേയ്ക്ക് സൈബീരിയ, റഷ്യ, കസാക്കിസ്ഥാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ദേശാടനപക്ഷികള്‍ എത്താറുണ്ട്.
ശൈത്യകാലത്ത് ദേശാടന പക്ഷികള്‍ അഞ്ച് മുതല്‍ ആറ് മാസം വരെ പഞ്ചാബില്‍ തങ്ങുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഏകദേശം രണ്ട് മാസം മാത്രമാണ് ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയൂ. ഉത്തരേന്ത്യയിലെ തണ്ണീര്‍ത്തടമായ ഹരിക്കൈ വന്യജീവി സങ്കേതം ഉള്‍പ്പെടെ പഞ്ചാബിലെ ആറ് സംരക്ഷിത തണ്ണീര്‍ത്തടങ്ങള്‍ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്.
