പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ സ്വന്തം ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന് യുവാവ്. പാടം പടയണിപ്പാറ വൈഷ്ണവി (28), അയൽക്കാരനും സുഹൃത്തുമായ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു കൊലപാതകം നടന്നത്. ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നു.
കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും മരപ്പണിക്കാരാണ്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട വിഷ്ണുവുമായി ബൈജുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഒപ്പം ഭാര്യ വൈഷ്ണവിയും വിഷ്ണുവും നിരന്തരം ഫോൺ വിളിക്കുന്നതും ബൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
