അനില്‍ ബാലകൃഷ്ണന്
2009 ലാണ് ശശി തരൂര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ മന്മോഹന് സിംഗിന് തരൂരിനോടുളള താത്പര്യവും ഉറ്റ ബന്ധവുമാണ് കോണ്‍ഗ്രസ്സ് പ്രവേശം സാധ്യമാക്കിയത്. യു.എന്‍ ല്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തരൂരിന്റെ പ്രവര്‍ത്തനങ്ങളോട് മന്മോഹന്സിംഗിന് മതിപ്പായിരുന്നു. 2006 ല്‍ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാമോ എന്ന് തരൂരിനോട് ആവശ്യപ്പെട്ടതും ബാന്‍ കി മൂറിനോട് പരാജയപ്പെടും വരെ ഒപ്പം നിന്നതും മന്‍മോഹനാണ്.
ഇതിനുശേഷമാണ് തരൂരിന് പാര്‍ലമെന്ററി രാഷ്ട്രീയ മോഹം ഉടലെടുക്കുന്നത്. ബുദ്ധിജീവിയും വിശ്വപൗരനുമായ തരൂരിന് അനുയോജ്യമായ രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിലാണ് ന്യൂഡല്‍ഹിയില്‍ പ്രകാശ് കാരാട്ടിനെയും തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി സിപിഐഎം നേതാക്കളെയും കണ്ടത്. അവിടെ നിന്നും അനുകൂല നിലപാട് കിട്ടാതെ വന്നപ്പോഴാണ് കോണ്‍ഗ്രസിലേക്ക് എത്തപ്പെട്ടത്. തരുരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ വിവരം അറിയിക്കുകയായിരുന്നു. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നും ഇതിന് കോണ്‍ഗ്രസ്സ് പിന്തുണവേണമെന്നുമാണ് തരൂര്‍ സോണിയയോട് ആവശ്യപ്പെട്ടത്. കേരളത്തിലെ നേതാക്കളോട് സംസാരിചേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന മറുപടിയാണ് സോണിയ നല്‍കിയത്.
അതേസമയം രാഷ്ട്രീയതീതനായി പൊതുസ്വതന്ത്രന് എന്ന നിലയില്‍ മത്സരിക്കാനായിരുന്നു തരൂരിന്റെ മോഹം. ഇതിനായി കോണ്‍ഗ്രസ്സില്‍ ബെര്‍ത്ത് ഉറപ്പിച്ച ശേഷം തരൂര്‍ ആദ്യം ചെയ്തത് തിരുവനന്തപുരത്ത് എ കെ ജി സെന്ററിലെത്തി അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ കാണുകയായിരുന്നു. പൊതുസ്വതന്ത്രനെന്ന മോഹം പിണറായിയുമായി ചര്‍ച്ച ചെയ്തെങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല.മുന്നണി ധാരണയനുസരിച്ച് സി.പി.ഐയുടെ മണ്ഡലമായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രന് സാധ്യമാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഓടിളക്കിയുള്ള തരൂരിന്റെ വരവ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും കേന്ദ്ര പിന്തുണയുള്ളതിനാല്‍ പരസ്യമായ കലഹം ഒഴിവാക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. സിപിഎം ന്റെ മനസ്സറിഞ്ഞശേഷമാണ് തരൂര്‍ കോണ്‍ഗ്രസ്സില്‍ ഔദ്യോഗികമായി ചേരാന്‍ തീരുമാനിച്ചത്. അങ്ങിനെ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം തരൂരിന് നല്കി കോണ്‍ഗ്രസ്സ് തീരുമാനമെടുത്തു. സിപിഐ, തങ്ങളുടെ ജില്ലാ സെക്രട്ടറിയായ അഡ്വ പി രാമചന്ദ്രന് നായരെയാണ് മത്സരത്തിനായി ഇറക്കിയത്. ഇതില്‍ ഒത്തുകളി ഉണ്ടോ എന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. വിശ്വപൗരനായി മത്സരത്തിനിറങ്ങുന്ന ശശി തരൂരിനെ നേരിടാന്‍ സംസ്ഥാന നേതാക്കളെ ഇറക്കുന്നതിന് പകരം ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കിയത് എന്തിന് വേണ്ടി ആയിരുന്നു എന്ന ചോദ്യമാണ് അന്ന് എല്‍ഡിഎഫ് നേരിടേണ്ടി വന്നത്.
സിപിഎം -ല്‍ പിണറായി വി എസ് പോര് മൂര്‍ച്ഛിച്ചു നിന്ന സമയത്താണ് തരൂര്‍ വിശ്വപൗരനെന്ന നിലയില്‍ പിന്തുണയഭ്യര്ത്ഥിച്ച് സിപിഎം ആസ്ഥാനത്തെത്തുന്നത്. തരൂരിനെ ഇടത് സ്വതന്ത്രനാക്കാമോ എന്ന കാര്യം പരിഗണിക്കണമെന്ന് പിബി അംഗം കൂടിയായ വിഎസ് അച്യുതാനന്ദന് അഭിപ്രായപ്പെട്ടെങ്കിലും കേരളത്തില്‍ നിന്നുള്ള മറ്റ് പിബി അംഗങ്ങളായ കോടിയേരി ബാകൃഷ്ണന്റെയും എസ് രാമചന്ദ്രന് പിള്ളയുടെയും പിന്തുണ ലഭിച്ചില്ല. 2009 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വി എസ് അച്യുതാനന്ദനെ പിബിയില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ന് കോണ്‍ഗ്രസില്‍ അസ്വാരസ്യമുണ്ടാക്കുന്ന തരൂരിന്റെ നീക്കം എങ്ങോട്ട് എന്ന ചോദ്യം ഉയരുമ്പോഴാണ് 2009 ലെ പഴയകാല ഓര്‍മ്മകള്‍ നേതാക്കള്‍ പുറത്തെടുക്കുന്നത്.
