കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ കുറ്റാരോപിതരായവര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുകയാണ്. കയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കുറ്റാരോപിതനായ ജിതേന്ദ്ര കുമാര്‍ ശുക്ല 2 വര്‍ഷത്തെ അനധികൃത തുടര്‍ നിയമനത്തിന് ശേഷം കയര്‍ ബോര്‍ഡില്‍ അഡൈ്വസര്‍ എന്ന ഇല്ലാത്ത തസ്തികയുണ്ടാക്കി കയറി കൂടാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. എംഎസ്എംഇ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിയുടെ ഒത്താശ ഇതിനുണ്ടെന്നാണ് അറിയുന്നത്. ശുക്ലയെ അഡൈ്വസര്‍ ആക്കണമെന്ന കേന്ദ്ര മന്ത്രിയുടെ ശുപാര്‍ശയില്‍ മേല്‍ നടപടിയെടുക്കാന്‍ കയര്‍ ബോര്‍ഡ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയുള്ള കത്ത് എംഎസ്എംഇ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ കയര്‍ ബോര്‍ഡ് ചെയര്‍മാന്റെ ചുമതലയുള്ള മറ്റൊരു കുറ്റാരോപിതനായ എംഎസ്എംഇ ജോയിന്റ് സെക്രട്ടറി വിപുല്‍ ഗോയലിന്റെ പിന്‍ബലമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന് ഒരു പ്രഹസനമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചത് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണെന്ന് ജോളി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങളെ ശരിവെക്കുന്നതാണ് എംഎസ്എംഇ മന്ത്രാലയത്തിന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം ഹൈബി ഈഡന് എംപി പാര്‍ലമെന്റില്‍ ജോളി മധുവിന്റെ വിഷയം അടിയന്തിരമായി ഉന്നയിച്ചിരുന്നു. കയര്‍ബോര്‍ഡ് ഉന്നതര്‍ക്കെതിരെ ഗൗരവമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എംഇ സെക്രട്ടറി എസ് സി എല്‍ ദാസിന് കത്തെഴുതിയിട്ടുണ്ട്. ശുക്ലയുടെ അഡൈ്വസര്‍ തസ്തിക നിയമനം പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ കയര്‍ ബോര്‍ഡ് ഓഫീസില്‍ വന്ന് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കുറ്റാരോപിതരായ സി യു എബ്രഹാം, പ്രസാദ്കുമാര്‍ എന്നിവരില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റാരോപിതരായവര്‍ ഇപ്പോഴും പ്രബലസ്ഥാനങ്ങളില് തന്നെ തുടരുകയാണ്. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും ഇവര്‍ക്ക് കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണസംഘത്തിന് മുന്നില്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയില്ലെന്ന വസ്തുതയും ഉയര്‍ന്നുവരുന്നുണ്ട്. കുറ്റാരോപിതരായവരെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തേണ്ടത് എന്ന ആവശ്യമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ വളരെ ക്രിയാത്മകമായി കയര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാഫ് യൂണിയനും, അസോസിയേഷനും ഇന്ന് നിര്‍ജീവമാണ്.
