തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജൂനിയർ വിദ്യാർഥി ആദിഷിനെ മർദിച്ച സംഭവത്തില്‍ സീനിയർ വിദ്യാർഥി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജിൽ മാസങ്ങൾക്ക് മുൻപ് ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർഥിയായ ജിതിൻ മറ്റൊരു വിദ്യാർഥിയുമായി കോളേജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തിൽ ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർഥിയായ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആദിഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആദിഷിന്റെ പിതാവ് ശ്രീകുമാരൻ ആര്യങ്കോട് പൊലീസില്‍ നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. കോളേജ് അധികൃതർക്കും ആദിഷിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.
