ദുബായ്: ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തിരിച്ചടി. പാകിസ്ഥാനെതിരായ മത്സരത്തിനിടയിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനാൽ ഇന്നലെ പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ രോഹിത് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
പരിക്ക് വഷളാവാതിരിക്കാനാണ് രോഹിത് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത്. അതേസമയം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. പരിക്കുമൂലമാണോ ഗില്‍ വിട്ടുനിന്നതെന്ന കാര്യം വ്യക്തമല്ല. അതേസമയം, പനി ബാധിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്നലെ പരിശീലനത്തിനിറങ്ങി. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചെറിയ പരിക്കുമൂലം ഇടക്ക് കയറിപ്പോയ മുഹമ്മദ് ഷമി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമായി. ഞായറാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. ഇരു ടീമുകളും നേരത്തെ സെമിയിലെത്തിയെങ്കിലും ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യൻമാരാം.
