പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹര്‍ജി ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായിരുന്നു. നാട്ടുകാരില്‍ പലരുടേയും ജീവന് ഭീഷണിയാകും ചെന്താമരയെ പുറത്തുവിട്ടാല്‍ എന്ന വാദമാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചിരുന്നത്.
താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും തന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന് നിരസിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.
