പാലക്കാട് എക്സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കഴിഞ്ഞ സെപ്റ്റംബറിൽ എക്സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് കള്ളില്‍ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് രണ്ട് ഷാപ്പുകളുടെയും ലൈസന്‍സിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഐഎം കുമാരന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പുകളുടെ നടത്തിപ്പുകാരന് എന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന് ആവശ്യപ്പെട്ടു. ഇത് സിപിഐഎം- എക്സൈസ് ഒത്തുകളിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്സൈസ് കേസെടുത്തു. ചുമ മരുന്ന് എന്തിനാണ് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഷാപ്പുകള്‍ ഇതുവരെ പൂട്ടിയിട്ടുമില്ല.
