കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ നീക്കാം നീക്കാതിരിക്കാം. ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ തനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസിൻറെ ഉടമയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകൾ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു.
