ഐഫോൺ 16ഇ 10,000 രൂപ വരെ ഡിസ്കൗണ്ടിലോ…!!!
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ആപ്പിളിൻറെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 16ഇ ഫെബ്രുവരി 28ന് വില്പന ആരംഭിക്കുകയാണ്. ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്ലി ഐഫോൺ ലൈനപ്പിലാണ് ഈ കുട്ടിഫോൺ എത്തിയിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ ഫോൺ ആപ്പിൾ സ്റ്റോർ വഴി ഓൺലൈനോ ഓഫ്ലൈനോ ആയി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഇതിന് പുറമെ അംഗീകൃത തേഡ്-പാർട്ടി റീടെയ്ലർമാർ വഴിയും ഫോൺ ഓർഡർ ചെയ്യാം. ഇത് വില്പനക്ക് എത്തുന്നു എന്നതിനേക്കാൾ കൂഒടുത്താൽ ശ്രദ്ധ ആകർഷിക്കുന്നത് ഐഫോൺ 16ഇ-യ്ക്ക് 10,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ്.
എങ്ങനെയെന്നല്ലേ, ഐഫോൺ 16ഇ-യുടെ വില ഇന്ത്യയിൽ 59,900 രൂപയിലാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 28ന് ഫോൺ വിപണിയിലെത്തുമ്പോൾ 10,000 രൂപ വരെ സേവ് ചെയ്യാൻ കഴിയുന്ന പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിളിൻറെ ഔദ്യോഗിക വിതരണക്കാരായ റെഡിംഗ്ടൺ എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിൻറെ റിപ്പോർട്ട്. ഐഫോൺ 16ഇ-യ്ക്ക് ബാങ്ക് കാഷ്ബാക്കും എക്സ്ചേഞ്ച് ബോണസും റെഡിംഗ്ടൺ നൽകുന്നുണ്ട്.
ഐസിഐസിഐ, കൊടാക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് ഐഫോൺ 16ഇ വാങ്ങുമ്പോൾ 4,000 രൂപ ഇൻസ്റ്റൻറ് ക്യാഷ്ബാക്ക് ലഭിക്കും. ഇതോടെ ഫോണിൻറെ വില 55,900 രൂപയായി താഴും. ഇതോടൊപ്പം പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതിനാൽ 49,900 രൂപയ്ക്ക് ഐഫോൺ 16ഇ വാങ്ങാം. പഴയ ഫോണിൻറെ മോഡലും കണ്ടീഷനും അനുസരിച്ച് റെഡിംഗ്ടണിൻറെ നിയമാവലി അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് സൗകര്യം ഉപയോഗിക്കാൻ കഴിയുക.
ഫെബ്രുവരി 28ന് രാവിലെ 8 മണി മുതൽ റെഡിംഗ്ടൺ സ്റ്റോറുകൾ വഴി ഐഫോൺ 16ഇ ഇന്ത്യയിൽ വാങ്ങാം. രാജ്യത്തെ എല്ലാ റെഡിംഗ്ടൺ സ്റ്റോറുകളിലും ഈ ഡിസ്കൗണ്ട് ഓഫർ ലഭിക്കും. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐഫോൺ 16ഇ പുറത്തിറക്കിയിരിക്കുന്നത്. 128GB, 256GB, 512GB മോഡലുകൾക്ക് യഥാക്രമം 59,990 രൂപ, 69,990 രൂപ, 89,990 രൂപ എന്നിങ്ങനെയാണ് വില. 6.1 ഇഞ്ച് ഒലെഡ് ഡിസ്പ്ലെ, ഫേസ് ഐഡി, ആക്ഷൻ ബട്ടൺ, യുഎസ്ബി-സി പോർട്ട്, എ18 ചിപ്പ്, ആപ്പിൾ ഇൻറലിജൻസ്, ചാറ്റ്ജിപിടി ഇൻറഗ്രേഷൻ, 2x ഡിജിറ്റൽ സൂം സഹിതം 48 എംപി ഫ്യൂഷൻ സിംഗിൾ റീയർ ക്യാമറ, ഓട്ടോഫോക്കസ് സഹിതം 12 എംപി ട്രൂഡെപ്ത് സെൽഫി ക്യാമറ, 60 ഫ്രെയിം പെർ സെക്കൻഡ് സഹിതം 4കെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ഐഫോൺ 16ഇ-യുടെ പ്രധാന സവിശേഷതകൾ.
റാം വിവരം ആപ്പിൾ പുറത്തുവിട്ടിട്ടില്ല. ബജറ്റ്-ഫ്രണ്ട്ലി ഫോൺ ശ്രേണിയായ ഐഫോൺ എസ്ഇ മോഡലുകൾക്ക് പകരം ആപ്പിൾ ഇന്റലിജൻസ് അടക്കമുള്ള വമ്പൻ ഫീച്ചറുകളോടെ അവതരിപ്പിച്ച പുത്തൻ ഹാൻഡ്സെറ്റാണ് ഐഫോൺ 16ഇ. ഐഫോൺ 16 സീരീസിലെ അടുത്ത അംഗം എന്ന നിലയിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
