ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഇന്നലെ ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ കുർബാനയിൽ പങ്കെടുത്തെന്ന് വത്തിക്കാൻ അറിയിച്ചു.
തനിക്കായി പ്രാർഥിക്കുന്നവർക്ക് നന്ദി അർപ്പിച്ച് മാർപാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘കുറച്ച് ദിവസങ്ങളായി സ്നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, മാര്‍പാപ്പ പറഞ്ഞു.
