രാഷ്ട്രീയ ലേഖകന്‍
ഇടതുമുന്നണിയുടെ ഭാഗമായ എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്റെ കൈവശമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലം. നിലവില്‍ മന്ത്രിയായ എ കെ ശശീന്ദ്രനാണ് കഴിഞ്ഞ മൂന്നു തവണകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അണികളുടെ എണ്ണം കൊണ്ടും എന്‍സിപിയുടെ സംഘടനാ സംവിധാനം കൊണ്ടും ആയിരുന്നില്ല, മറിച്ച് മുന്നണി സമവാക്യങ്ങളുടെ പേരിലാണ് എലത്തൂര്‍ ശശീന്ദ്രന് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശീന്ദ്രനും അവരുടെ പാര്‍ട്ടിക്കും സീറ്റ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
കാലാകാലങ്ങളായി എലത്തൂരിലെ സിപിഎമ്മുകാര്‍ക്ക് മണ്ഡലം എന്‍ സി പി ക്ക് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അപ്പോഴും മുന്നണി മര്യാദ പാലിച്ചായിരുന്നു ഇടതു നേതൃത്വം സീറ്റ് നല്‍കിയിരുന്നത്. മണ്ഡലം വിഭജനത്തിനു മുന്‍പ് 1980 മുതല്‍ 2006 വരെ തുടര്‍ച്ചയായി 26 വര്‍ഷം കോണ്‍ഗ്രസ് എസിലും പിന്നീട് എന്‍സിപിയിലും നേതാവായിരുന്ന എ സി ഷണ്മുഖദാസ് ആയിരുന്നു ദീര്‍ഘകാലത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
പിന്നീടാണ് ഷണ്മുഖദാസ് തന്റെ പഴയകാല സതീര്‍ത്ഥ്യനായ ശശീന്ദ്രന് മത്സരിക്കാനുള്ള അവസരം നല്‍കുന്നത്. പിന്നീട് മണ്ഡലം വിഭജനം നടക്കുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലം ബാലുശ്ശേരി സംവരണ മണ്ഡലവും എലത്തൂര്‍ മണ്ഡലവുമായി രണ്ടായി തിരിയുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ എലത്തൂര്‍ എന്‍സിപിയുടെ കയ്യില്‍ തന്നെയാണ്.
സിപിഎമ്മിന്റെ നേതാക്കള്‍ക്കിടയില്‍ അടുത്ത വിയോജിപ്പ് നിലനില്‍ക്കുമ്പോഴും ശശീന്ദ്രന് എംഎല്‍എയായി തന്നെ തുടരുന്നു. ഏറ്റവും ഒടുവില്‍ വന്യജീവി അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലും സിപിഎമ്മും മന്ത്രിയും രണ്ടു തട്ടിലാണ്. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളിലും പ്രദേശത്തെ സിപിഎമ്മുകാര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം പേരിനപ്പുറത്തേക്ക് പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. പ്രത്യേകിച്ച് സിപിഎമ്മിന്റെ യുവജന വിദ്യാര്‍ഥി സംഘടനകള്‍ ഒട്ടുംതന്നെ സജീവമായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷണ്മുഖദാസിന്റെ കാലത്ത് കോഴിക്കോട് ജില്ലയിലും അന്നത്തെ ബാലുശ്ശേരി മണ്ഡലത്തിലും കോണ്‍ഗ്രസ് എസിനും പിന്നീട് എന്‍സിപിക്കും ശക്തമായ ആള്‍ബലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അണികള്‍ ഇല്ലെന്ന് മാത്രമല്ല നേതാക്കള്‍ പോലും ഇല്ലാത്ത പാര്‍ട്ടിയായി എന്‍സിപി എസ് മാറി കഴിഞ്ഞിരിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ മാന്‍ഡ്രേക്ക് എന്ന് ചിലരെങ്കിലും വിളിക്കാറുള്ള പിസി ചാക്കോയുടെ ആഗമനത്തോടെയാണ് എന്‍സിപി ദുര്‍ഗതിയിലേക്ക് എത്തുന്നത്. ശശീന്ദ്രനും തോമസ് കെ തോമസും പീതാംബരന് മാസ്റ്ററും ഉള്‍പ്പെടെ പ്രമുഖര്‍ നിലകൊള്ളുന്ന എന്‍സിപിയിലേക്ക് കടന്നുവന്ന ഉടന്‍തന്നെയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷനായി മാറുന്നതും. ഇതാകട്ടെ അതുവരെ ആ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രഹരമായിരുന്നു. അവിടെ തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്ന് ഏറെക്കുറെ എന്‍സിപി എസ് എന്ന പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
ചാക്കോയുടെ വരവോടുകൂടി പേരും ചിഹ്നവും പോലും ഇല്ലാതായ പാര്‍ട്ടി അന്ത്യശ്വാസം വലിക്കുകയാണ്. 2026ല്‍ മുന്നണിയില്‍ പോലും ഉണ്ടാകുവാനുള്ള സാധ്യതകള്‍ എന്‍സിപി എസിനെ സംബന്ധിച്ച് വിരളമാണ്. എ കെ ശശീന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയന് ചില പ്രത്യേക താല്പര്യങ്ങളുണ്ട്. അതുകൊണ്ട് മാത്രമാണ് ശശീന്ദ്രന് ഇപ്പോഴും മന്ത്രിയായി തുടരുന്നത്. എന്നാല്‍ ഇനിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്പര്യത്തിന് അപ്പുറം ശശീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കോ സിപിഎം നേതാക്കള്‍ക്കോ കഴിയില്ല.
സിപിഎമ്മിന് ആകട്ടെ ശക്തമായ അടിത്തറയുള്ള ഏലത്തൂരില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ ഇനി മത്സരിപ്പിക്കാന്‍ സാധ്യതയില്ല. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം സംസ്ഥാന നേതൃത്വവുമായി നടത്തിയെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഒരു ഈര്‍ക്കില്‍ പാര്‍ട്ടിക്ക് സിപിഎമ്മിന്റെ സംഘടന സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ നല്‍കേണ്ടതില്ലെന്ന് പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിയെ നേരത്തെ അറിയിച്ചതാണ്.
മണ്ഡലം സിപിഎം ഏറ്റെടുക്കുമ്പോള്‍ ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്ന പേര് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എം മെഹബൂബിന്റേതാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകള്‍ വഹിച്ച അദ്ദേഹം എല്ലാവര്ക്കും സുപരിചിതനാണ്. സഹകരണ മേഖലയില്‍ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ് മെഹബൂബ്.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായ ആളാണ് മെഹ്ബൂബ്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. ഇതിനെല്ലാം പുറമെ പിണറായി വിജയന്റെയും, മുഹമ്മദ് റിയാസിന്റെയും ഗുഡ് ബുക്കില്‍ ഉള്ള ആള് കൂടിയാണ് മെഹബൂബ്. അതുകൊണ്ടുതന്നെ എലത്തൂരില്‍ മറ്റ് അത്ഭുതങ്ങള്‍ക്കൊന്നും വഴിയില്ല.
ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായ പഴയ നിയമസഭാ മണ്ഡലമായിരുന്ന ബാലുശ്ശേരിയില്‍ 1996 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹവും, യോഗ്യതയും ഉണ്ടായിരുന്ന യുവ നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. മുന്നണി സമവാക്യങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുമ്പോഴും പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പം അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. ശശീന്ദ്രന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മെഹബൂബ് മുന്നില്‍ തന്നെയുണ്ടായിരുന്നു. സിപിഎം നേതൃത്വം മെഹബൂബിലേക്ക് എലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെ എത്തിച്ചാല്‍ അദ്ദേഹത്തിലൂടെ എല്‍ഡിഎഫിന് തന്നെ മണ്ഡലം നിലനിര്‍ത്താനാകും.
