ഹര്‍ഷ ബീവി
ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഫോട്ടോഗ്രഫിക്കായി ഒരു സംഘം വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫര്‍മാര്‍ എത്തുന്നു. ജീപ്പിലാണ് യാത്ര. ഇവരുടെ ജീപ്പിന് മുന്നിലായി യുവാക്കളുടെ ഒരു സംഘവും ജീപ്പില്‍ സഞ്ചരിക്കുന്നുണ്ട്. കാടിന്റെ നിയമങ്ങള്‍ പാലിക്കാന്‍ മുന്നിലെ ജീപ്പിലുണ്ടായിരുന്ന യുവാക്കള്‍ക്ക് അറിയില്ല. നിശബ്ദതയാണ് കാടിന്റെ പ്രത്യേകത. യുവാക്കളാകട്ടെ വലിയ ശബ്ദത്തില്‍ മൃഗങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ജീപ്പോടിച്ച് കടന്നുപോയി. യുവാക്കളുടെ ബഹളം കാരണം അവിടെ കൂടിനിന്ന കാട്ടാനക്കൂട്ടം അസ്വസ്ഥരായി.
തൊട്ടുപിന്നാലെയാണ് കാടിനെ സ്നേഹിക്കുന്ന ഒരുകൂട്ടം പ്രൊഫഷണല്‍ ഫോട്ടോഗ്രഫര്‍മാരുടെ വരവ്. കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒരു പിടിയാന ഫോട്ടോഗ്രഫര്മാരടങ്ങിയ ജീപ്പിനുനേരെ പാഞ്ഞടുത്തു. ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന മലയാളി യുവതിയുടെ കഴുത്തിന് നേരെ തുമ്പിക്കൈ വീശിയെങ്കിലും ജീപ്പോടിച്ചിരുന്ന ഡ്രൈവറുടെ അസാമാന്യ കഴിവുകൊണ്ട് തലനാരിഴക്കാണ് അവര്‍ രക്ഷപ്പെട്ടത്. ജീവനിലേക്കുള്ള തിരിച്ചുവരവായിരുന്നു അവരുടേത്. സാഹസികത ഇഷ്ടപ്പെടുന്ന ആ മലയാളി പെണ്‍കുട്ടിയാണ് സീമ. തിരിഞ്ഞ് നോക്കുമ്പോള്‍ നേട്ടങ്ങളേറെ സ്വന്തമാക്കിയ സീമക്ക് അഭിമാനിക്കേറെയുണ്ട്.
ചെറിയ പ്രായത്തില്‍ തന്നെ ഫോട്ടോഗ്രഫിയോട് താല്പര്യമുണ്ടായിരുന്ന സീമ എന്ന പെണ്‍കുട്ടിക്ക് സ്കൂള്‍ കാലഘട്ടത്തില്‍ അച്ഛന് നല്കിയ സമ്മാനം ഒരു ഫിലിം കാമറ ആയിരുന്നു. എന്നാല്‍ അതിന്റെ ഉപയോഗം ചിലവേറിയത് ആയതുകൊണ്ട് തന്നെ കുടുംബചിത്രങ്ങള്‍ എടുക്കാന്‍ വല്ലപ്പോഴും മാത്രം ആയിരുന്നു കാമറ ഉപയോഗിച്ചിരുന്നത്.
പിന്നീട് ഭര്‍ത്താവ് സുരേഷ് സമ്മാനമായി നല്കിയ നിക്കോണ്‍ ഡി 3100 ഉപയോഗിച്ചാണ് വനത്തിലേക്കുള്ള സീമയുടെ ആദ്യ യാത്ര. 2011 – 12 കാലഘട്ടത്തിലാണ് ജോലിയുടെ ഭാഗമായി ആദ്യമായി വനത്തിലേക് പോകുന്നത്. അന്ന് കാട്ടിലേക്കു കയറി ചെന്നപ്പോള്‍ ഉണ്ടായ എക്സ്പീരിയന്‍സ് സീമയെ കാടിനെ പറയിക്കുന്നവളാക്കി മാറ്റി. തൃശൂര്‍ ജില്ലയിലെ വൈല്‍ഡ് ലൈഫ് സാങ്ച്വറി ആയിട്ടുള്ള ചിമ്മിനി വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്ക് ആണ് അന്ന് പോയത്. കൂടെയുണ്ടായ പ്രമുഖരായ ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങള്‍ കണ്ടപ്പോള്‍ വളരെ കൗതുകം തോന്നിയിരുന്നു.
ആ കൗതുകമാണ് പിന്നീട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് സീമയെ എത്തിച്ചത്. എന്നാല്‍ ആ നാളുകളില്‍ ക്യാമറയെ കുറിച്ചോ, അതിന്റെ സെറ്റിംഗുകളെ കുറിച്ചോ യാതൊന്നും അറിയില്ലായിരുന്നു. പിന്നീട് ഫോട്ടോഗ്രഫിയോടുള്ള തീവ്രമായ ആഗ്രഹവും ഭര്‍ത്താവ് നല്കിയ പ്രോത്സാഹനവും ഫോട്ടോഗ്രാഫിയുടെ സാങ്കേതികത പഠിക്കാന്‍ തൃശ്ശൂരിലെ ഷൂട്ട് സ്കൂളില്‍ സീമയെന്ന ജേര്ണലിസ്റ്റിനെ എത്തിച്ചു.
പല സ്ഥാപനങ്ങളിലായി ഏകദേശം 13 വര്‍ഷത്തോളം ജേര്ണലിസ്റ് ആയി വര്‍ക്ക് ചെയ്ത സീമ തന്റെ യഥാര്‍ത്ഥ പാഷന് ജോലിയിലൂടെ തന്നെ തിരിച്ചറിയുകയായിരുന്നു എന്നുവേണം പറയാന്‍. പിന്നീട് തന്റെ ജോലി തന്റെ സ്വപ്നത്തിന് തടസം ആകും എന്ന് മനസിലാക്കിയപ്പോള്‍ സ്ഥിരമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് സ്വപ്നത്തിന് പ്രാധാന്യം നല്കി. പൂര്‍ണമായും ഫോട്ടോ ഗ്രാഫിയിലേക്ക് തിരിഞ്ഞു. പിന്നീട് നിരന്തരം യാത്രകള്‍ ചെയ്തു തുടങ്ങി. കേരളത്തിലും പുറത്തുമായി ഒരുപാട് സാങ്ച്വറികള്‍ സന്ദര്‍ശിച്ചു. ഭൂമിയുടെ ഓരോ കോണിലും അത്ഭുതങ്ങള്‍ കണ്ടെത്തുന്ന അവള് കാട്ടിലേക്കുള്ള യാത്രയില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തി. ഇതുവരെ നമ്മള് കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് കാടിനുള്ളില്‍ ഉള്ളത് എന്നാണ് സീമ പറയുന്നത്. 13 വര്‍ഷമായി ഇപ്പോള്‍ ഫോട്ടോഗ്രാഫിയില്‍ തുടരുന്നു.
കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മള് ഏത് ഭാഗത്തേക്ക് ആണോ പോകുന്നത്. അത് ഏത് കാട് ആയാലും അതിനെ കുറിച് പരമാവധി നമ്മള് പഠിച്ചിരിക്കണം. അതില്‍ നിന്ന് കാടിന്റെ അവസ്ഥയും അവിടെ പോകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും പോകാന്‍ അനുയോജ്യമായ കാലാവസ്ഥയും ഒക്കെ മനസിലാക്കാന്‍ സാധിക്കും. എല്ലാത്തിനുമുപരി ഒരു കാട്ടിലേക്ക് കടക്കുമ്പോള്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം നിശബ്ദത പാലിക്കുക എന്നതാണ്. കാട് നമ്മുടെ ലോകം അല്ല. പക്ഷികളുടെയും മൃഗങ്ങളുടെയും ലോകമാണ്. അവരുടെ അടുത്തേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഒരു ശല്യം ആവാതെ ഇരിക്കുക. മുന്നിലേക്ക് വരുന്ന ജീവികളെ പ്രകോപിപ്പിക്കാതെ ഇരിക്കുക. ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ഏറ്റവും വലിയ ഹീറോ എന്ന് പറയുന്നത് കൂടെ ഉണ്ടാകുന്ന ഗൈഡ് ആണ്. ഓരോ ഗൈഡും കാണിച്ചുതരുന്നതാണ് നമ്മുടെ ക്യാമെറയില്‍ നമ്മള് ഒപ്പി എടുക്കുന്നത്. അതിന് ശേഷം മാത്രമാണ് ക്യാമറയും മറ്റ് എക്വിപ്മെന്റ്സും വരുന്നത്. എപ്പോഴും നമ്മുടെ കൂടെ വരുന്ന ഗൈഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രം ഓരോ നീക്കവും നടത്തുക എന്നതാണ് സീമക്ക് ഓരോ ഫോട്ടോഗ്രാഫറോടും പറയാന്‍ ഉള്ളത്.
സീമയുടെ ഭര്‍ത്താവ് സുരേഷ് അബുദാബിയില്‍ ക്യാമറാമാനാണ്. തന്റെ ജീവിതത്തില്‍ ഉണ്ടായ വിജയങ്ങള്‍ക്കെല്ലാം പുറകില്‍ തന്റെ ഭര്‍ത്താവിന്റെ പിന്തുണ ആണെന്നാണ് സീമ പറയുന്നത്. ഫോട്ടോഗ്രാഫിയില്‍ സീമയുടെ ഉപദേഷ്ടാക്കളായി അവര്‍ കാണുന്നത് ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസിന്റെ പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് പുള്ളിക്കല്‍, പ്രകൃതി ഫോട്ടോഗ്രാഫറായ ശ്രീ. പ്രവീണ്‍ മോഹന്‍ദാസ് എന്നിവരെയാണ്. തന്റെ ഫോട്ടോഗ്രാഫിക് കരിയറില്‍ ഇവരുടെ പിന്തുണയും വിമര്‍ശനവും കാഴ്ചപ്പാടും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് സീമ പറയുന്നത്. ആദ്യം ഒരു ഹോബി ആയി തുടങ്ങിയ ഫോട്ടോഗ്രാഫി ഇപ്പോള്‍ തന്നെ സീമയുടെ ജീവിതവും അഭിനിവേശവും ആയി മാറിയിരിക്കുകയാണ്.
ഒരു സ്ത്രീ എന്ന നിലയില്‍ നമ്മുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവര്‍ അപൂര്‍വം ആയിരിക്കും. എന്നാല്‍ ഏതൊരു സ്വപ്നത്തില്‍ നിന്നും നമ്മളെ പിന്തിരിപ്പിക്കാന് ഒരുപാട് ആളുകള്‍ ഉണ്ടാകും. സ്ത്രീ ആയതുകൊണ്ട് മാത്രം നമുക്ക് നേടാന്‍ കഴിയുന്നതിന് പരിധിയില്ല. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ അത് നേടിയെടുക്കാന്‍ നമുക്ക് സാധിക്കുമെന്നാണ് സീമ പറയുന്നത്.
