ഒട്ടേറെ കായിക താരങ്ങളെ സര്‍വ്വ മേഖലകളിലും സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറെ നാളുകളായി കായിക രംഗത്ത് കേരളം വല്ലാത്ത കുതിപ്പാണ്. പക്ഷെ ആ കുതിപ്പ് മുന്നോട്ടല്ല, പിന്നോട്ടാണെന്ന് മാത്രം. ഉത്തരാഖണ്ഡില്‍ നടന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മോശം പ്രകടനത്തെച്ചൊല്ലിയാണ് ഏറ്റവും ഒടുവില്‍ വിവാദം കൊട്ടിക്കയറുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സ്പോര്‍ട്സ് മന്ത്രിയും സര്‍ക്കാരും മുതല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വരെ തമ്മില്‍ തല്ലുകയാണ്.
സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹിമാന് അടക്കം സര്‍ക്കാരിന്റെ സ്പോര്‍ട്സ് ഭരണ സംവിധാനങ്ങളെയാണ് കേരള ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍കുമാര്‍ കുറ്റപ്പെടുത്തുന്നത്. കായിക താരങ്ങള്‍ക്കും സ്പോര്‍ട്സിനും ആവേശവും പ്രോത്സാഹനവും നല്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കായിക വകുപ്പിന് കഴിയുന്നില്ലെന്ന ആരോപണം ഇതാദ്യമായല്ല ഉയരുന്നത്. വര്‍ഷങ്ങളായി ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പല കായിക ഇനങ്ങളിലും ഒരു കാലത്ത് രാജ്യത്തെ പ്രധാന ശക്തിയായിരുന്ന കേരളം ഇന്ന് ഈ നിലയില്‍ തളര്‍ന്നു പോയതില്‍ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് ആര്‍ക്കും പറയാനാവില്ല. കഴിഞ്ഞ ഒരു ദശകക്കാലത്തിനിടെ സ്പോര്‍ട്സ് വളര്‍ത്തുന്നതില്‍ കായിക മന്ത്രാലയത്തിന്റെ സംഭാവന എന്തുമാത്രമുണ്ടെന്നു വിശദമായ പരിശോധന നടത്തേണ്ടത് അനിവാര്യതയാണ്. ഗെയിംസ് തയാറെടുപ്പുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിക്കാന്‍ വൈകിയത് കായിക അസോസിയേഷനുകള്‍ക്കു പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്.
ക്യാംപുകള്‍ നടത്താന്‍ പോലും അതു തടസമായി എന്നാണു പറയുന്നത്. വേണ്ടത്ര തയാറെടുപ്പില്ലാതെ പലയിനങ്ങളിലും മത്സരിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം, പരിശീലനത്തിന് പണം അനുവദിക്കുമെന്ന് ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ ഉറപ്പുനല്‍കിയതാണെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഒരു മാസത്തെ പരിശീലനം നല്‍കണമെന്നു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മിക്ക സംഘടനകളും പരിശീലന ക്യാംപുകള്‍ നടത്തിയെന്നും അവര്‍ അവകാശപ്പെടുന്നു. പണം കിട്ടിയാലേ പരിശീലനം തുടങ്ങൂവെന്നു വാശിപിടിക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവിധ കായിക അസോസിയേഷനുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പറയുന്നത്. കായിക മന്ത്രാലയത്തിന്റെയും തങ്ങളുടെയും കുറ്റമല്ല ദേശീയ ഗെയിംസിലെ തിരിച്ചടിയെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ വിശദീകരിക്കുന്നുണ്ട്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് മത്സരയിനങ്ങളില്‍ നിന്ന് കളരിപ്പയറ്റിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണ് കേരളത്തിനു പ്രഹരമായതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൃത്തങ്ങള്‍ വാദിക്കുന്നു. കഴിഞ്ഞ തവണ 19 സ്വര്‍ണം അടക്കം 22 മെഡല്‍ നേടിയ കളരിപ്പയറ്റ് ഇക്കുറി ഇല്ലാതായതി്ന്റെ ക്ഷീണം തീര്‍ച്ചയായും കേരള ടീമിനുണ്ട്. സംസ്ഥാന ഒളിംപിക് അസോസിയേഷന് കൂടി കൂട്ടുനിന്നിട്ടാണ് ഇത്തവണ കളരിപ്പയറ്റിനെ ഒഴിവാക്കിയതെന്നാണ് ആരോപണം. ദേശീയ ഗെയിംസില്‍ കേരളത്തിനു മികച്ച സ്ഥാനം കിട്ടാതിരിക്കാനാണ് ഈ പണി ചെയ്തതെന്നും ആരോപണമുണ്ട്. ഒളിംപിക് അസോസിയേഷന് കായിക താരങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും സ്പോര്‍ട്സ് കൗണ്‍സിലിനും സംസ്ഥാന കായിക വകുപ്പിനും അനുകൂലമായി സംസാരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് പി.ടി. ഉഷയാണുള്ളത്. കേരളം മെഡല്‍ക്കൊയ്ത്തു നടത്തുന്ന ഒരു കായികയിനം ദേശീയ ഗെയിംസില്‍ നിലനിര്‍ത്തുന്നതിന് ഉഷ തയാറായില്ലെന്നാണ് സ്പോര്‍ട്സ് മന്ത്രി അബ്ദുറഹിമാന് കുറ്റപ്പെടുത്തുന്നത്. കായിക രംഗത്ത് മലയാളികളുടെ മുഴുവന്‍ എന്നല്ല രാജ്യത്തിന്റെയാകെ അഭിമാനമാണ് പി.ടി. ഉഷ. അവര്‍ ഐഒഎ പ്രസിഡന്റ് സ്ഥാനത്തിരിക്കെ ഇങ്ങനെയൊരു ആരോപണം കേള്‍ക്കേണ്ടിവരുന്നതു നിരാശാജനകമാണെന്നാണ് മന്ത്രി പറയുന്നത്. എന്തായാലും കളരിപ്പയറ്റ് ഒഴിവായപ്പോള്‍ കനത്ത തിരിച്ചടിയാണു കേരളത്തിനുണ്ടായത്. 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവുമാണ് ഇക്കുറി കേരളത്തിന് ആകെ കിട്ടിയത്. മൊത്തം 54 മെഡല്‍. ഓവറോള്‍ നിലയില്‍ പതിനാലാം സ്ഥാനത്തായിരുന്നു കേരളം. ദേശീയ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന്. കഴിഞ്ഞ തവണ 36 സ്വര്‍ണം ഉള്‍പ്പെടെ 87 മെഡലുകളോടെ അഞ്ചാം സ്ഥാനത്തെത്തിയതാണ്. ഉത്തരാഖണ്ഡില്‍ പലയിനങ്ങളിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. അത്ലറ്റിക്സില് നേടാനായതു 2 സ്വര്‍ണം മാത്രമാണ്. ഇതിനു പുറമേ 3 വെള്ളിയും 8 വെങ്കവും നേടിയിരുന്നു.
