കേരളത്തില്‍ പി എസ് സി അംഗങ്ങളുടെയും ചെയര്‍മാന്റേയും ശമ്പളവും പെന്‍ഷനും കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു എന്ന വാര്‍ത്ത ഒട്ടും അതിശയോക്തി ഇല്ലാതെയാണ് വായിച്ചത്. കാരണം ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുകയായിരുന്നു കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് തന്നെ. എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കാതെ പോയത്.
ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിച്ചാല്‍ ഇപ്പോള്‍ കിട്ടിയ ഒരു സീറ്റ് പോലും കിട്ടാതെ പോയാലോ എന്ന ഭയമായിരിക്കാം സര്‍ക്കാരിന് പിന്തിരിപ്പിച്ചത്. ഇനിയാകട്ടെ അടുത്ത തെരഞ്ഞെടുപ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളതാണ്. അത് പ്രാദേശിക വിഷയമായിരിക്കും കൂടുതലായും ചര്‍ച്ചയാവുക. പിന്നെ അടുത്ത കൊല്ലം വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്. അതാകുമ്പോഴേക്കും എന്തെങ്കിലും കിറ്റ് കൊടുത്ത് വോട്ടര്‍മാരെ പറ്റിക്കാമെന്ന ധാരണയും ഉണ്ട്. അതുകൊണ്ട് തന്നെ പി എസ് സി അംഗങ്ങളുടെ ശമ്പളവും പെന്‍ഷനും കുത്തനെ വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതുതന്നെയാണ്.
കേരളത്തില്‍ പിഎസ് സി അംഗങ്ങളുടെ എണ്ണം 21 ആണ്. മറ്റേത് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍. യുപിഎസ്സി ക്ക് പോലും ഇതില്‍ പകുതിയില്‍ താഴെ അംഗങ്ങള്‍ മാത്രമേ ഉള്ളൂ. പിന്നെ എന്തിനാണ് കേരളത്തില്‍ ജംബോ പി എസ് സി എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ എളുപ്പം ലഭിക്കും, ഓരോ മുന്നണികളിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീതം വെച്ചുവരുമ്പോള്‍ 21 തികയാതെ വരുന്നു. അഭ്യസ്തവിദ്യരായ, ശാസ്ത്ര സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള പിഎസ്സിയില് അംഗമാകാനുള്ള യോഗ്യത എന്താണ് എന്ന് ചോദിച്ചാല്‍, രാഷ്ട്രീയവും സാമ്പത്തികശേഷിയും എന്ന് ഉത്തരം. രാഷ്ട്രീയബന്ധവും കൈക്കൂലി കൊടുക്കാനുള്ള സാമ്പത്തിക ശേഷിയും ഉണ്ടായാല്‍ മതി. പ്രതിമാസം 4 ലക്ഷം രൂപയോളം ശമ്പളം ലഭിക്കും. ആറ് വര്‍ഷം കഴിഞ്ഞാല്‍ രണ്ടര ലക്ഷം രൂപ ആജീവനാന്ത പെന്ഷന് ലഭിക്കും. അതായത് ആറ് വര്‍ഷം കൊണ്ട് 2 കോടി 88 ലക്ഷം രൂപ വരുമാനം. പത്ത് വര്‍ഷം മാത്രം പെന്ഷന് വാങ്ങിയാല്‍ കിട്ടുക 3 കോടിയോളം രൂപ. അതായത് 16 വര്‍ഷംകൊണ്ട് ആറ് കോടിയോളം രൂപയാണ് വരുമാനമായി ലഭിക്കുക.
മറ്റ് ആനുകൂല്യങ്ങള്‍ വേറെ. അമ്പത് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് അത് നിക്ഷേപമായി കണ്ടാല്‍ 16 വര്‍ഷംകൊണ്ട് ആറ് കോടിയാകുന്ന അത്ഭുതവിദ്യ പി എസ് സിയില്‍ അല്ലാതെ എവിടെയുണ്ട്. രാഷ്ട്രീയവും ഡിഗ്രിയും ഗുസ്തിയുമായി നടക്കുന്നവര്‍ക്കാണ് ഇത്രയും വരുമാനമുള്ള ജോലി കിട്ടുന്നത്.
എന്താണ് പിഎസ് സി അംഗങ്ങളുടെ ജോലി എന്ന് ചോദിച്ചാല്‍ വല്ലാത്ത കഠിനാദ്ധ്വാനമാണ്. തിങ്കളാഴ്ച കമ്മീഷന് സിറ്റിംഗ്, ചെവ്വാഴ്ച കമ്മറ്റികള്‍, ബുധന്‍ മുതല്‍ വെള്ളിവരെ ഇന്റര്‍വ്യൂ, ശനി ഫയല്‍ നോക്കല്‍. പിഎച്ച്ഡി അടക്കം വലിയ പഠിപ്പുള്ളവരെയാണ് ഈ മാന്യദ്ദേഹങ്ങള് ഇന്റര്‍വ്യൂ ചെയ്യുന്നത് എന്നത് കൂടി ഓര്‍ക്കണം. ആറ് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത 21 പേര് പിഎസ് സി അംഗങ്ങളാകും. അവര്‍ക്കും കിട്ടും നല്ലൊരു തുക. ഇതെല്ലാം സംസ്ഥാന ഖജനാവില്‍ നിന്നാണ് കൊടുക്കുന്നത് എന്ന കാര്യം ഭരണാധികാരികള്‍ മറന്നുപോകുന്നതോ അതോ അറിയില്ല എന്ന മട്ടില്‍ നടക്കുന്നതോ. മുന്നണിയിലുള്ള രാഷ്ട്രീയപാര്‍ട്ടികളെ തൃപ്തിപ്പെടുത്താനുള്ള ആയുധമാണ് പി എസ് സി. മന്ത്രി സ്ഥാനം ഇല്ലെങ്കിലും കുഴപ്പമില്ല പി എസ് സി അംഗത്വം കിട്ടിയാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരാണ് വല്ല്യേട്ടനൊഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.
മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷണത്തിനായി കാത്തുനില്‍ക്കുകയാണ് മുന്നണിയിലെ കുഞ്ഞേട്ടന് മുതല്‍ താഴോട്ടുള്ള എല്ലാവരും. അതുകൊണ്ടുതന്നെ ശമ്പളവും പെന്‍ഷനും എത്ര കൂട്ടിയാലും ആര്‍ക്കും പരാതിയില്ല. ഇനി പ്രതിപക്ഷത്തിരിക്കുന്നവര്ക്കോ. അവര്‍ക്കും കിട്ടണം പണം എന്നാണല്ലോ ചൊല്ല്. അടുത്ത ടേം വരുമ്പോള്‍ പ്രതിപക്ഷത്തിനും കിട്ടും അവസരം. അതിനായുള്ള കാത്തിരിപ്പാണ് പ്രതിപക്ഷത്തിനുള്ളത്.
ആരുടെ പണമാണ് ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ഏതെങ്കിലും ഭരണകര്‍ത്താക്കള്‍. മുന്നണി വ്യത്യാസമില്ലാതെ മാറി മാറിവരുന്ന സര്‍ക്കാരുകള്‍ ഒരേ പാത തന്നെയാണ് പിന്തുടരുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച വാര്‍ത്തയും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയും സീറ്റ് കിട്ടാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ വി തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ അനുവദിച്ച യാത്രാബത്ത പ്രതിവര്‍ഷം 5 ലക്ഷമായിരുന്നു. എന്നാല്‍ 6.31 ലക്ഷം രൂപ ചെലവാകുന്നുണ്ട്. അതായത് പ്രതിമാസം അമ്പതിനായിരം രൂപ വീതം യാത്ര ചെലവ് മാത്രമായി ഉപയോഗിക്കുന്നു. അതാണ് ഇപ്പോള്‍ ഇരട്ടിയോളമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. അതായത് യാത്ര ചെയ്യാന്‍ മാത്രം പ്രതിമാസം 1 ലക്ഷത്തോളം രൂപ.
അഞ്ച് വര്‍ഷത്തേക്ക് അധികാരത്തിലെത്തിയാല്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണോ ഇതിന് പിന്നില്‍. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് 10 ദിവസമായി. നിസാരതുകക്ക് വേണ്ടിയാണ് ഇവരുടെ സമരം. ഒരു നേരത്തെ പട്ടിണി മാറ്റാനുള്ള സമരമാണത്. അവരെ ഒന്ന് പരിഗണിച്ചിട്ട് പോരെ പി എസ് സി അംഗങ്ങളുടെ ആര്ഭാടത്തിനും ധൂര്‍ത്തിനുമുള്ള തീരുമാനങ്ങള്‍. ക്ഷേമപെന്ഷന് കുടിശിഖ പോലും കൊടുത്ത് തീര്‍ത്തിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിഖ ഇനിയും കൊടുക്കാനേറെയുണ്ട്. അതൊന്നും കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സാമ്പത്തികപ്രതിസന്ധിയാണ്. പിന്നെയെങ്ങനെ ഇതുപോലെയുള്ള ധൂര്‍ത്തിന് പണം കണ്ടെത്താന്‍ കഴിയുന്നു.
പൊതുജനങ്ങളുടെ സാധാരണക്കാരായ, ഒരുനേരത്തെ അന്നത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാമോ. അവരുടെ ആവശ്യങ്ങളല്ലേ ശരിയായ ജനാധിപത്യ സര്‍ക്കാര്‍ ആദ്യം പരിഗണിക്കേണ്ടത്. ഇഎംഎസിന്റെയും നായനാരുടെയും ഭരണം കണ്ട് ശീലിച്ച കേരളജനതക്ക് ഇപ്പോഴത്തെ ഭരണകര്‍ത്താക്കളുടെ നയങ്ങളെയും തീരുമാനങ്ങളെയും എങ്ങനെ സ്വീകരിക്കാനാകും.
ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്. അവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍പോലും നടത്തിക്കൊടുക്കാതെ ദുര്ചെലവുകളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതാണ് ശരിയായ ഭരണകര്‍ത്താക്കള്‍ക്ക് ഉചിതം.
