പി എ അലക്സാണ്ടര്‍
‘പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടു ‘ പണ്ട് പണ്ട് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയതാണ് ഇത്. ഇതേപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസിന്റെ ഇന്നത്തെ പോക്ക്. സ്ത്രീകള്‍ക്കെതിരെ പിണറായിയുടെ പോലീസ് പരാക്രമം കാണിക്കുമ്പോള്‍ അമ്മുക്കുട്ടിക്ക് തോന്നിയത് ‘പരാക്രമം സ്ത്രീകളില്‍ അല്ല വേണ്ടു ‘ എന്ന പഴയ പാട്ടിനെയാണ്.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ പത്തനംതിട്ടയിലെ സ്ത്രീ ഉള്‍പ്പെട്ട സംഘത്തിന് നേരെ ആഭ്യന്തരവകുപ്പ് കൈയാളുന്ന പിണറായിയുടെ പോലീസ് രാത്രിയുടെ മറവില്‍ ഓടിച്ചിട്ട് മര്‍ദ്ധിച്ചു, എന്ന് മാത്രമല്ല അക്രമസംഘത്തോടൊപ്പം സ്ത്രീ ഉള്‍പ്പെടെ ബാറില്‍ കയറി മദ്യം കഴിച്ചു എന്നാണ് പോലീസ് പറയുന്നത്. സ്ത്രീ ഉള്‍പ്പെടുന്ന സംഘം പത്തനംതിട്ട നഗരത്തില്‍ രാത്രി കാറില്‍ വന്നിറങ്ങി ആര്‍ക്കും ഉപദ്രവം ഇല്ലാതെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് പോലീസ് പാഞ്ഞെത്തി പേ ഇളകി കണ്ണില്‍ കണ്ടവരൊക്കെ തല്ലി ചതിച്ചത്. വിവാദ സംഘത്തിലെ ഒരു സ്ത്രീയുടെ കൈയും ഒടിഞ്ഞതിന്റെ വാര്‍ത്ത അമ്മുക്കുട്ടി നേരത്തെ തന്നെ ചാനലില്‍ കണ്ടതാണ്. തല്ലുകൊണ്ട് റോഡില്‍ വീണ സ്ത്രീ ഉള്‍പ്പെടെ ഉള്ള സംഘം ‘എന്തിനാണ് സാറുമ്മാരെ ഞങ്ങളെ തല്ലുന്നത്?’ എന്ന് ചോദിച്ചപ്പോള്‍ അതിനൊരു മറുപടി കൂടി പറയാന്‍ പോലീസിനായില്ല. പോലീസുകാര്‍ ഓടിച്ചിട്ട് തല്ലിയ സ്ത്രീയുടെ കൈയൊടിഞ്ഞത് മറ്റൊരു കാര്യം. കമാ എന്ന് ഒരക്ഷരം പറയാതെ വീറോടെ തല്ലിയ പോലീസിന്റെ ശൗര്യം ടിവിയിലൂടെ എല്ലാം ജനം കണ്ടതാണ്. മിണ്ടാട്ടം മുട്ടി അടികൊണ്ട് പാവങ്ങളെ കണ്ടപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ മൂക്കത്ത് വിരല്‍ വച്ചുപോയി എന്നാണ് അപ്പുക്കുട്ടന് പറയുന്നത്.
നിയമസഭയില്‍ ഇതേക്കുറിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ ചോദിച്ചപ്പോള്‍ ആഭ്യന്തരത്തിന്റെ ചാര്‍ജുള്ള മുഖ്യമന്ത്രി നല്കിയ മറുപടി കേരള ജനതയെ അമ്പരപ്പിച്ചു. ഇതൊക്കെ മുഖ്യമന്ത്രി ഇങ്ങനെയൊക്കെ അസഭ്യം പറയുമോ എന്നാണ് അമ്മുക്കുട്ടിക്കും അപ്പുക്കുട്ടനും ഒറ്റ ശ്വാസത്തില്‍ ചോദിക്കാന്‍ തോന്നിയത്.
രാത്രിയില്‍ ഒരുകൂട്ടം ആളുകള്‍ കൂട്ടംകൂടി പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത് എന്നാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പറച്ചിലില്‍ ഉണ്ടായത്. ഇക്കൂട്ടത്തില്‍ വിവാദ സംഘത്തില്‍ പെട്ടവരും ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. വിവാദ സംഘത്തില്‍ പെട്ടവരും സമീപത്തെ മദ്യഷാപ്പില്‍ കയറി ഷാപ്പിലെ ജീവനക്കാരുമായി മദ്യത്തെ ചൊല്ലി തര്‍ക്കം ഉണ്ടായതായും അത് ബഹളമായതായും ആണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്നത്തെ സംഭവത്തിന്റെ പേരില്‍ സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നു.
ആളു മാറിയാണ് പോലീസ് വിവാദ സംഘത്തെയും മറ്റും മര്‍ദ്ദിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആരും തിരിച്ചറിഞ്ഞിട്ടുണ്ട്. ബാറില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരും കണ്ടാല്‍ തിരിച്ചറിയാത്തവരും എന്നത് പിണറായി പോലീസിന്റെ പതിവ് പല്ലവി തന്നെയാണെന്ന് അമ്മുക്കുട്ടിക്കറിയാം. മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെ ആണെന്ന് മുഖ്യന്റെ നിരസതയോടെയുള്ള വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിപ്പോയി. ഒരു സ്ത്രീക്ക് കൂടി അഭിമാന ക്ഷതം ഉണ്ടാകുന്ന വാക്കുകളാണ് നമ്മുടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്നത് മറ്റൊരു കാര്യം. പോലീസ് എഴുതിക്കൊടുത്ത കുറിപ്പ് നിയമസഭയില്‍ വായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു ഉളുപ്പുമുണ്ടായില്ല എന്നോര്‍ക്കുക. മുഖ്യമന്ത്രി പിണറായിയുടെ മറുപടി കേട്ടപ്പോള്‍ വേലി തന്നെ വിളവ് തിന്നുന്നു, തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു എന്നൊക്കെയാണ് അമ്മുക്കുട്ടിക്ക് തോന്നിപ്പോയത്. പോലീസ് റിപ്പോര്‍ട്ട് അപ്പാടെ ഛര്ദിച്ചുവെക്കാന് കേരള ജനതയുടെ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു എന്ന് ഒരു വൃദ്ധന് ചോദിച്ചത് കേട്ട് അപ്പുക്കുട്ടന് മൂക്കത്ത് വിരല്‍ വച്ച് പോയി.
1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ മര്‍ദ്ദനത്തില്‍ ഇരയായി എന്ന് വാതോരാതെ പ്രസംഗിച്ചുകൊണ്ട് നടക്കുന്ന മാന്യ അദ്ദേഹമാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്. അന്ന് അദ്ദേഹത്തിന് പോലീസ് സമൂഹത്തിനോട് എന്തോ ഒരു വിരോധമായിരുന്നു. എന്നാല്‍ ഇന്നോ… അന്ന് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ രാജനെ കസ്റ്റഡിയിലെ എടുത്തിട്ടില്ല എന്ന് പോലീസ് റിപ്പോര്‍ട്ട് അപ്പാടെ വിഴുങ്ങി നിയമസഭയില്‍ മറുപടി നല്കിയ മുഖ്യമന്ത്രി കെ കരുണാകരന് ഉണ്ടായ അനുഭവം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മയുണ്ടോ ആവോ. ഇതോര്‍ത്താല്‍ പിണറായിക്ക് നല്ലത് എന്നാണ് ഒരു രസികന്‍ പറഞ്ഞത്. പാവം ജനം കഴുതയാണെന്നാണോ ഇന്നത്തെ മുഖ്യമന്ത്രിയുടെ ധാരണ? അങ്ങനെ കരുതുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റി എന്നെ പറയാന്‍ ഒക്കു. കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ടിവി ചാനലുകളും വാട്സപ്പുകളും സമൂഹമാധ്യമങ്ങളും ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആദ്യമൊക്കെ കരുണാകരന്റെ പറച്ചില് ജനം വിശ്വസിച്ചു. എന്നാല്‍ ഇന്നത്തെ സ്ഥിതി എന്താണ് എന്ന് പിണറായി മുഖ്യന് അറിയേണ്ടതുണ്ട്. ഏത് മാധ്യമത്തിലും പ്രതിനിമിഷം ലോകം പ്രതിബന്ധിക്കുകയാണെന്ന് പിണറായി ഓര്‍ക്കണം. മുഖ്യന്റെ വാക്കിലെ പുളി ജനത്തിന് അപ്പപ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട്. പണ്ടത്തെപ്പോലെയല്ല മുഖ്യമന്ത്രി പിണറായി വിജയാ ഇന്നത്തെ സ്ഥിതി. ഇന്നത്തെ സ്ഥിതി ആകെ മാറിയിരിക്കുന്നു.
വെള്ളപൂശിയ ശവക്കല്ലറകള്‍ ആണോ ഇന്നത്തെ പോലീസ് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. തങ്ങളെ വെള്ളപൂശി തങ്ങള്‍ തന്നെ എഴുതിക്കൊടുക്കുന്ന റിപ്പോര്‍ട്ട് വീരശൂര പരാക്രമിയെ പോലെ മുഖ്യനെ കൊണ്ട് നിയമസഭയില്‍ വായിപ്പിക്കുന്ന പോലീസ് ഏമാന്മാര് മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് കൈയടിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. ഹെല്‍മറ്റുകള്‍ കൊണ്ട് വിദ്യാര്‍ഥികളെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചപ്പോള്‍ അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറയാന്‍ സാക്ഷാല്‍ പിണറായി വിജയന് അല്ലാതെ വേറെ ആര്‍ക്കെങ്കിലും തോന്നുമോ? പോലീസിനെ പേപ്പട്ടിയെ പോലെ അഴിച്ചുവിട്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷം മാത്രമല്ല സിപിഎമ്മിന്റെ ആളുകളും പറയാന്‍ തുടങ്ങി. തൃശ്ശൂരിലെ ജില്ലാ സമ്മേളനത്തില്‍ പോലും സിപിഎം കാര്‍ പേപ്പട്ടിയെ പോലെ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണ് എന്ന വിമര്‍ശനം ഉണ്ടായത് മുഖ്യമന്ത്രി പിണറായി വിജയന് കേട്ടോ ആവോ. അതോ ആ യോഗത്തില്‍ ചെവി പൊത്തിയിരുന്നതാണ് എന്നാണ് അമ്മുക്കുട്ടി ചോദിക്കുന്നത്. എന്നിട്ടും അങ്ങയുടെ തലയില്‍ നല്ല ബുദ്ധി ഉദിക്കുന്നില്ലേ മുഖ്യമന്ത്രി? എന്നാണ് ചോദിക്കാനുള്ളത്. ജനാധിപത്യത്തിന്റെ ഊന്നുവടി ഉപയോഗിച്ച് ഏകാധിപതിയായി ജനങ്ങളെ അടിച്ചമര്‍ത്തുമെന്ന് ആദ്യം പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന സുധാകരന് ഈയിടെ ആലപ്പുഴയില്‍ ഓപ്പണ്‍ ആയി ചോദിച്ചത് മുഖ്യമന്ത്രി പിണറായി കേട്ടില്ലേ? അങ്ങനെ കേള്‍ക്കുന്നുണ്ടോ എന്നാണ് അപ്പുക്കുട്ടന് ചോദിക്കാനുള്ളത്. നാണം കെട്ടവനെ ആസനത്തില്‍ ആല് മുളച്ചാലും, അത് അവന് തണലായി ഇരിക്കുന്ന കാലം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ആസനത്തില്‍ ആലുമുളച്ചാല്‍ അത് തണലായിരിക്കാം. ചുറ്റും നിന്ന് കുറച്ചുപേര്‍ സ്തുതി ഗീതങ്ങള്‍ പാടിയാല്‍ അങ്ങ് വലിയവനായി മാറുമോ മുഖ്യമന്ത്രി? എന്നാണ് ജനം ചോദിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന ജനത്തിന്റെ തിരിച്ചടി എന്തായിരിക്കുമെന്ന് ഓര്‍ക്കുമ്പോഴാണ് അമ്മുക്കുട്ടിക്ക് ചിരി വരുന്നത്. അടുത്തുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. അതിനുപുറമേ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ടല്ലോ. പിണറായിയും ഗോവിന്ദനും ഒക്കെ ഇത് ഓര്‍ത്താല്‍ നന്ന്. കോടിയേരി ബാലകൃഷ്ണന് ഇല്ലാതെപോയി. അല്ലായിരുന്നെങ്കില്‍ അദ്ദേഹം കുറച്ച് വെള്ളം ചേര്‍ത്തെങ്കിലും ശരിയാക്കിയേനെ. ഈശ്വരോ രക്ഷകോ….
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടുമെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ പണ്ട് പാടിയത് മുഖ്യനോര്ക്കുന്നുണ്ടോ? തുടര്‍ഭരണത്തില്‍ വോട്ട് ചെയ്ത് കേരള ത്തിലെ ജനങ്ങളും സ്വന്തം കര്‍മ്മഫലം എന്നാണ് ഇപ്പോള്‍ പറയുന്നത്. അമ്പമ്പോ… കേരളത്തിലെ പോലീസും ആഭ്യന്തരമന്ത്രിയും തങ്ങള്‍ക്ക് വോട്ട് ചെയ്ത ജനത്തിന്മേല് കുതിര കേറുകയാണ്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ ചുട്ടും കെട്ടിപ്പട എന്ന മട്ടിലാണ് പോലീസും ആഭ്യന്തരവും എന്ന് പറയാതെ വയ്യ. ഇതിനൊക്കെ പ്രതികാരം ചെയ്യാതെ അടങ്ങുമോ പാവം ജനം… ഇതൊക്കെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും ആലോചിച്ചാല്‍ നന്ന്. അത്രയേ പറയാനുള്ളൂ
