സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇന്‍സ്റ്റ യില്‍ കൊടുക്കുന്ന കമന്റുകള്‍ ഡിസ്ലൈക് ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് കമന്റുകള്‍ നല്ലതല്ലെങ്കില്‍ അക്കാര്യം സൂചിപ്പിക്കാന്‍ ഡിസ്ലൈക്ക് ബട്ടണിലൂടെ സാധിക്കും. ഇത് അഭിപ്രായങ്ങള്‍ കൂടുതല്‍ സൗഹൃദപരമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കമന്റ് ഡിസ്ലൈക്ക് ചെയ്യുന്നതിലൂടെ അത് കൂടുതല്‍ പേരിലേക്ക് എത്തുന്നത് തടയാന്‍ കഴിയുമെന്ന് മെറ്റ കരുതുന്നു. ഫീഡ് പോസ്റ്റുകളിലെയും റീലുകളിലേയും കമന്റ് വിഭാഗത്തിലാമ് പുതിയ ബട്ടണ്‍ ഉണ്ടാവുക. എന്നാല്‍ എത്ര ഡിസ്ലൈക്ക് ലഭിച്ചു എന്ന് മറ്റ് ഉപയോക്താക്കള്‍ക്ക് കാണാനാവില്ല.
കൂടാതെ ഡിസ്ലൈക്ക് ചെയ്തവരെ മറ്റ് ഉപയോക്താക്കള്‍ക്ക് കാണാനും ആകില്ല. യൂട്യൂബിലെ ഡിസ്ലൈക്ക് ബട്ടന് സമാനമായിരിക്കും ഇന്‍സ്റ്റാഗ്രാമിലെ ബട്ടനും. യൂട്യൂബില്‍ ഡിസ്ലൈക്കുകളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്നത് 2021 ല്‍ നിര്‍ത്തലാക്കിയിരുന്നു. ഡിസ്ലൈക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കമന്റുകളെ റാങ്ക് ചെയ്യാനാകും മെറ്റ ശ്രമിക്കുക എന്നും അറിയുന്നു. പുതിയ ഫീച്ചര്‍ എന്നുമുതല്‍ വരുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
