ഭക്ഷണം കഴിച്ചശേഷം അല്പം മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റം അദ്ഭുതകരമാണ് എന്നറിയാമോ?
രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കിയാല്‍ മുഖത്തിന് സ്വാഭാവികമായ ആകൃതി ലഭിക്കും. കണ്ണുകള്‍ക്കു ചുറ്റുമുള്ള വീക്കം കുറയും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങള്‍ എങ്കില്‍ പഞ്ചസാര ഒഴിവാക്കിയാല്‍ ലഭിക്കുന്നത് അതിശയകരമായ ഗുണങ്ങളാണ്. ശരീരഭാരം കുറഞ്ഞാലും കുടവയര്‍ കുറയുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. പഞ്ചസാര ഒഴിവാക്കുക എന്നതാണ് അതിനുള്ള പരിഹാരങ്ങളിലൊന്ന്. പഞ്ചസാര ഒഴിവാക്കിയാല്‍ കുടവയര്‍ കുറയുമെന്ന് മാത്രമല്ല, കരളിലെ കൊഴുപ്പും കുറയും. കൂടാതെ ഉദരാരോഗ്യം മെച്ചപ്പെടുത്താനും പഞ്ചസാര ഒഴിവാക്കുന്നതു വഴി സാധിക്കും.
മുഖക്കുരുവും മുഖത്ത് ചുവന്ന പാടുകളും മൂലം വിഷമിക്കുന്നവര്‍ക്കും പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതു വഴി ഗുണം ലഭിക്കും. പഞ്ചസാര ഒഴിവാക്കുന്നതു ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്ഫ്ലമേഷന്, ഹൃദയാരോഗ്യം നഷ്ടപ്പെടുക എന്നിവയ്ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ അമിതോപയോഗം, പ്രത്യേകിച്ച് മധുരപാനീയങ്ങളുടെ ഉപയോഗം ശരീരഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകും. ഇന്‍സുലിന്‍ പ്രതിരോധവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. വായില്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ പെരുകാനും പല്ലില്‍ പോടുണ്ടാകാനും മോണരോഗങ്ങള്‍ക്കും പഞ്ചസാരയുടെ ഉപയോഗം കാരണമാകും.
പഞ്ചാരയുടെ അമിതോപയോഗം അകാലവാര്‍ധക്യത്തിനു കാരണമാകും. രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും ഒഴിവാക്കാം. ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാകുന്നതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. നല്ല ഉറക്കം ലഭിക്കാനും ഇതു മൂലം സാധിക്കും.
ദിവസവും ആവശ്യമായ കാലറിയുടെ ആറുശതമാനം മാത്രമേ പഞ്ചസാര ആകാവൂ എന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പറയുന്നു. ഇത് സ്ത്രീകള്‍ക്ക് 25 ഗ്രാമും പുരുഷന്മാര്ക്ക് 36 ഗ്രാമും ആണ്. പഞ്ചസാര ഒഴിവാക്കുന്നത് മുതിര്‍ന്നവര്‍ക്കു മാത്രമല്ല. കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ചെറിയ പ്രായത്തില്‍ തന്നെ മധുരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും വരാനുള്ള സാധ്യത കുറയ്ക്കും എന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മധുരം കുറയ്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെടും.
