ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD). അവസാനഘട്ടം വരെയും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ രോഗം, തെറ്റായ ഭക്ഷണശീലം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, പൊണ്ണത്തടി തുടങ്ങിയവ മൂലം ഉണ്ടാകാം. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാല്‍ ഇതിനെ ഒരു നിശ്ശബ്ദരോഗം എന്നാണ് വിളിക്കാറ്. എന്നാല്‍ ശരീരം നല്കുന്ന ചില സൂചനകളെ അവഗണിക്കാതിരിക്കാം.
തുടര്‍ച്ചയായുള്ള ക്ഷീണവും തളര്‍ച്ചയും അകാരണമായി ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വയറില്‍ അസ്വസ്ഥത, വയറിന്റെ വലതു മുകള്‍ ഭാഗത്തായി വയര്‍ നിറഞ്ഞപോലെ തോന്നുക, മലത്തിന് നിറവ്യത്യാസം, ഇരുണ്ടനിറത്തില് മൂത്രം പോവുക തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാം. രോഗം അധികരിക്കുന്ന ഘട്ടത്തില്‍ മഞ്ഞപ്പിത്തവും വരാം. ഈ ലക്ഷണങ്ങളെ അവഗണിച്ചാല്‍ എന്‍ എ എഫ് എല്‍ ഡി ഗുരുതരമാകും. ഫൈബ്രോസിസ്, സിറോസിസ് ഉള്‍പ്പെടെ ഗുരുതരമായ കരള്നാശത്തിനും ഇത് കാരണമാകും.
പ്രതിരോധവും ചികിത്സയും
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന് അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഒന്നുമില്ല. രോഗം വരാതെ തടയാനും രോഗം നിയന്ത്രിക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗം ജീവിതശൈലിയില്‍ വ്യത്യാസം വരുത്തുക എന്നതാണ്.
കൊളസ്ട്രോള്‍
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപരിശോധനകള്‍ പതിവായി ചെയ്യേണ്ടതാണ്. ഒപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിച്ചു നിര്‍ത്തുകയും വേണം.
വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കാം. അനാവശ്യമായി മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നത് കരളിനെ സമ്മര്‍ദത്തിലാക്കും എന്നതിനാല്‍ ഇത് പരിമിതപ്പെടുത്താം. നിശ്ശബ്ദമെങ്കിലും എന്‍എഎഫ്എല്‍ഡി ചില ചെറിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ദിനചര്യയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും കരളിനെ ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്ന് സംരക്ഷിക്കും. എന്തെങ്കിലും മാറ്റങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ വിദഗ്ധചികിത്സ തേടാം. കരള്‍രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ജീവന് രക്ഷിക്കാനാകും.
