അത്യുല്‍പ്പാദനശേഷിയുള്ള എച്ച്എഫ്, ജേഴ്സി, സങ്കരയിനം പശുക്കള്‍ക്ക് അത്യുഷ്ണത്തെ ചെറുക്കാനുള്ള കഴിവ് കുറവാണ്. താപസമ്മര്‍ദ്ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിനുള്ളില്‍ പകല്‍സമയം ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കണം. മേല്‍ക്കൂരയില്‍ സീലിങ് ഫാനുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലത് പശുക്കളുടെ നെറ്റിയില്‍ കാറ്റ് പതിക്കും വിധം സ്ഥാപിക്കുന്ന ഫാനുകളാണ്. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴില്‍ അടിക്കൂര ഒരുക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.
മാതൃകയാക്കേണ്ട രീതി
പശുക്കളെ രാവിലെ മാത്രം കുളിപ്പിക്കണം. കുളിപ്പിക്കാന്‍ പ്രഷര്‍ വാഷര്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുവാന്‍ കഴിയും. വേനല്‍ക്കാലത്ത് എപ്പോഴും പശുക്കളുടെ പുറത്ത് വെള്ളമൊഴിക്കുന്നത് നല്ലതല്ല. കാരണം പാല് ഉല്പാദനത്തിന് ഉപയോഗിക്കേണ്ടി വരുന്ന ഊര്‍ജ്ജം ശരീര താപനില നിയന്ത്രണത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നതിനാല്‍ ഇത് ഉല്പാദന വര്‍ധനയ്ക്കു സഹായിക്കുന്നില്ല. തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി ഓട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ക്രമീകരിക്കുന്നതാണ് ഉത്തമം.
കാലിത്തീറ്റയും വൈക്കോലും അതി രാവിലെയും വൈകിട്ടും രാത്രിയിലുമായി ക്രമീകരിക്കണം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ല ഇനം തീറ്റപ്പുല്ല്, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലി വാക, മള്‍ബറി ഇലകള്‍ എന്നിവ നല്‍കാവുന്നതാണ്. തീറ്റപ്പുല്ലിനു ലഭ്യതക്കുറവ് ഉണ്ടെങ്കില്‍ സൈലേജ് തീറ്റയില്‍ ഉള്‍പ്പെടുത്താം. വായില്‍ നിന്നും ഉമിനീര് കൂടുതലായി നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കണം.
വേനല്‍ക്കാലത്ത് ചെള്ള് , പേന്‍, പട്ടുണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങള്‍ പെരുകുന്നതിനാല്‍ ഇവയെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിക്കണം. ഇത്തരം ബാഹ്യ പരാദങ്ങള്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. യീസ്റ്റ്, ഫീഡ് അപ് യീസ്റ്റ് പോലുള്ള മാര്‍ക്കറ്റില്‍ ലഭ്യമായ പ്രോബയോട്ടിക്കുകള്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ചൂട് ക്രമീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ തൊഴുത്തില്‍ ഉണ്ടെങ്കില്‍ പോലും ചില പശുക്കള്‍ കിതപ്പ്, ഉമിനീരൊലിക്കല്‍, വായില്‍ നിന്നും നുരയും പതയും വരിക, തീറ്റ കഴിക്കാന്‍ മടി കാണിക്കുക, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് സൂര്യാഘാതത്തിന്റെയും നിര്‍ജലീകരണത്തിന്റെയും പ്രാരംഭ ലക്ഷണങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം സാഹചര്യത്തില്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം.
